തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് എട്ട് രൂപയാക്കാന്‍ തീരുമാനിച്ചു. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ല. സ്ലാബ് അടിസ്ഥാനത്തിലാണ് നേരിയ വര്‍ധനവ്. ചാര്‍ജ് വര്‍ധന അപാര്യാപ്തമെന്ന് ബസ്സുടമകള്‍ അറിയിച്ചു. മാര്‍ച്ച് ഒന്നുമുതല്‍ ചാര്‍ജ് നിലവില്‍ വരും.
ഇത് സംബന്ധിച്ച് ഇടതുമുന്നണി യോഗത്തിന്റെ ശുപാര്‍ശ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. ഇതോടെ മിനിമം ബസ് നിരക്ക് ഏഴില്‍ നിന്ന് എട്ടു രൂപയായും ഫാസ്റ്റ് പാസഞ്ചറുകളുടെ നിരക്ക് 10ല്‍ നിന്ന് 11 രൂപയായും ഉയരും.
പുതുക്കിയ നിരക്കുകള്‍ പ്രകാരം 64 പൈസയായിരുന്ന കിലോമീറ്റര്‍ നിരക്ക് 70 പൈസയായി വര്‍ദ്ധിക്കും. ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ് ബസ് ചാര്‍ജ് ഏഴില്‍നിന്ന് എട്ട് രൂപയാകും. ഫാസ്റ്റ് പാസഞ്ചര്‍ നിരക്ക് പത്തില്‍നിന്ന് പതിനൊന്നും എക്‌സിക്യുട്ടീവ്, സൂപ്പര്‍ എക്‌സ്പ്രസ് നിരക്ക് 13ല്‍നിന്ന് 15 രൂപയായും ഉയരും.
സൂപ്പര്‍ ഡീലക്‌സ് നിരക്ക് 22 രൂപ, ഹൈടെക് ലക്ഷ്വറി എ.സി 44 രൂപ, വോള്‍വോ 45 രൂപ എന്ന നിരക്കിലുമായിരിക്കും വര്‍ദ്ധനവ്. പ്രൈവറ്റ് ബസ് ഉടമകള്‍ നേരത്തെ സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ബസ് ചാര്‍ജ് കൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ബസ് നിരക്ക് കൂട്ടാതെ തരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതു മുന്നണി യോഗത്തില്‍ പറഞ്ഞിരുന്നു.
തുടര്‍ന്നാണ് സാധാരണക്കാര്‍ക്ക് അധികഭാരമുണ്ടാവാതെ നിരക്ക് വര്‍ദ്ധന നടപ്പാക്കാന്‍ യോഗം സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. മിനിമം ബസ് ചാര്‍ജ് ഏഴില്‍ നിന്ന് എട്ടാക്കി ഉയര്‍ത്താന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.