ജയ്പൂര്‍: തെറ്റായ വഴിയിലൂടെ പാഞ്ഞെത്തിയ ലോറി, ബസില്‍ വന്നിടിച്ച് തീ പിടിച്ച് 12 യാത്രക്കാര്‍ മരിച്ചു. രാജസ്ഥാനിലെ ബാര്‍മര്‍ജോഥ്പൂര്‍ ദേശീയ പാതയിലായിരുന്നു അപകടമുണ്ടായത്. അപകടമുണ്ടായയുടന്‍ തീപടര്‍ന്നു. ബസ് മുഴുവനായും കത്തിപ്പോയി. ട്രക്കിന്റെ മുന്‍വശത്തെ ക്യാബിനും കത്തിനശിച്ചു.
ഇന്ന് രാവിലെ 10ഓടെ ബലോത്രയില്‍ നിന്ന് ജോഥ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യബസിലാണ് ട്രക്ക് വന്നിടിച്ചത്. ശക്തമായ തീപിടുത്തമായതിനാല്‍ രക്ഷാസേനയ്ക്ക് ബസിനടുത്തേക്ക് കടക്കാന്‍ വളരെ പണിപ്പെടേണ്ടി വന്നു. ആകെ 25 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. 22 പേരെ പുറത്തെത്തിച്ചതായാണ് രക്ഷാസേന അറിയിച്ചത്. ഇതില്‍ 12 പേര്‍ മരിച്ചു. യാത്രക്കാരുടെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പരിക്കേറ്റവരെ ബലോത്രയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ഒരാള്‍ പിന്നീട് മരിച്ചു.
പരിക്കേറ്റവര്‍ക്ക് വേണ്ട ചികിത്സാ സഹായം ഉടന്‍ നല്‍കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തില്‍ അനുശോചിച്ചു. മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.