തൃശൂര്‍: ഡല്‍ഹിയില്‍ നിന്നെത്തി ക്വാറന്റീനില്‍ കഴിയാതെ കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രചെയ്ത കാസര്‍കോട് സ്വദേശി പനികൊണ്ട് വിറച്ച് ബഹളംവെച്ചത് പരിഭ്രാന്തിപരത്തി. ബുധനാഴ്ച വൈകീട്ട് കുന്നംകുളത്താണ് സംഭവം.
പേരാമംഗലത്ത് ബസ് നിര്‍ത്തി ഇയാളെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ആരോഗ്യവകുപ്പ് അധികൃതരുടെ നിരീക്ഷണത്തിലാണ്. ജീവനക്കാരുള്‍പ്പെടെ 10 പേരാണ് ബസിലുണ്ടായിരുന്നത്. ഇവരെ പരിശോധനക്കും ക്വാറന്റീന്‍ നടപടിക്കുമായി മുളങ്കുന്നത്തുകാവ് കിലയിലേക്ക് കൊണ്ടുപോയി. പിന്നീട് തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിച്ച് വീട്ടുനിരീക്ഷണത്തിലേക്ക് മാറ്റി.
നാലുദിവസം മുമ്പാണ് കാസര്‍കോട് സ്വദേശി ഡല്‍ഹിയില്‍നിന്ന് എത്തിയത്. തുടര്‍ന്ന് ഇയാള്‍ ക്വാറന്റീനിലിരിക്കാതെ ആലുവയിലേക്ക് യാത്രതിരിക്കുകയായിരുന്നു. ബുധനാഴ്ച ബസില്‍ പുറപ്പെട്ട ഇയാള്‍ കണ്ണൂരിലിറങ്ങി അവിടെ നിന്ന് കോഴിക്കോട് ബസില്‍ കയറി. കോഴിക്കോട്ടുനിന്ന് മറ്റൊരു ബസില്‍ കുറ്റിപ്പുറത്തിറങ്ങി. അവിടെനിന്നാണ് കെ.എല്‍ 15 എ 319 ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ കയറിയത്. കുന്നംകുളത്ത് എത്തിയപ്പോഴാണ് ഇയാള്‍ തനിക്ക് പനിയും ശ്വാസതടസ്സവുമുണ്ടെന്ന് അറിയിച്ചത്. സംഭവത്തില്‍ കാസര്‍കോട് സ്വദേശിക്കെതിരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു.