തിരുവനന്തപുരം: ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടല്ല സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച അനിശ്ചിതകാല ബസ് പണിമുടക്കെന്ന് ബസുടമകള്‍. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടല്ലെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരമെന്നും, സ്വാശ്രയ കോളെജുകളിലെ വിദ്യാര്‍ഥികളെ ഇളവില്‍ നിന്ന് ഒഴിവാക്കണമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
സമരം നടത്തുന്ന സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ അങ്ങോട്ട് ചര്‍ച്ചയ്ക്ക് പോകേണ്ട ആവശ്യമില്ലെന്നും നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് ബസുടമകള്‍ക്ക് പ്രതിഷേധമുണ്ടെങ്കില്‍ അത് സര്‍ക്കാരിനെയാണ് ആദ്യം അറിയിക്കേണ്ടതെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സമരത്തിന്റെ കാരണം വ്യക്തമാക്കി ബസുടമകള്‍ രംഗത്തെത്തിയത്.