സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ല; ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല ബസ് സമരം

തിരുവനന്തപുരം: സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 21 മുതല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് അറിയിച്ച് ബസുടമകള്‍.

ചാര്‍ജ് വര്‍ധന ഉള്‍പ്പടെ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും ഒരു മാസം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ലെന്ന് ബസുടമകള്‍ ആരോപിച്ചു. വിദ്യാര്‍ഥികള്‍ക്ക് ചാര്‍ജിളവ് നല്‍കണമെങ്കില്‍ നികുതി കുറക്കണം. അല്ലെങ്കില്‍ ഡീസല്‍ സബ്‌സിഡി നല്‍കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.

നേരത്തെ, സര്‍ക്കാരിനെ വെല്ലുവിളിക്കാനില്ലെന്നും തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ എട്ട് ദിവസം സമയം നല്‍കുകയാണെന്നും ബസുടമകള്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ ഒമ്പതുമുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും എട്ടിന് ഗതാഗതമന്ത്രി ചര്‍ച്ചക്ക് വിളിച്ച് 18നുള്ളില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നും സമരത്തില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അന്ന് സമരം മാറ്റിവെച്ചത്. എന്നാല്‍ ഒരുമാസം കഴിഞ്ഞിട്ടും അനുകൂലമായ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് ബസുകള്‍ നിരത്തുകളില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ബന്ധിതമാകുന്നത്.

ഡീസല്‍ വില വര്‍ധന കാരണം തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാനോ ബസുകള്‍ അറ്റകുറ്റപ്പണി നടത്താനോ കഴിയാത്ത സ്ഥിതിയാണ് ഉള്ളതെന്നും ഉടമകള്‍ വ്യക്തമാക്കിയിരുന്നു.

Top