ബസ് ചാര്‍ജ് വര്‍ദ്ധന; രാത്രി യാത്രയ്ക്ക് പ്രത്യേക നിരക്ക്, വിദ്യാര്‍ത്ഥി കണ്‍സഷന്‍ സാമ്പത്തികാടിസ്ഥാനത്തില്‍; ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുമായി ചര്‍ച്ച നടത്തി ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്നാണ് ചര്‍ച്ചയില്‍ പൊതുവായി ഉണ്ടായ ധാരണയെന്ന് മന്ത്രി പറഞ്ഞു.

രാത്രി കാലത്ത് ബസുകളുടെ കുറവ് മൂലം പൊതുജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് രാത്രികാലത്തെ യാത്രാ നിരക്കില്‍ വ്യത്യാസം വരുത്തി ബസുകളുടെ കുറവ് പരിഹരിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കും. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ തുടരണമെന്നാണ് ചര്‍ച്ചയിലെ പൊതു അഭിപ്രായം. നിലവില്‍ കുടുംബ വരുമാനം നോക്കാതെ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലയാണ് കണ്‍സെഷന്‍ നല്‍കുന്നത്. കുടുംബ വരുമാനത്തിന്റെ ആനുപാതികമായി നിലവിലുള്ള റേഷന്‍ കാര്‍ഡ് മാനദണ്ഡമാക്കി വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കിലും മാറ്റം വരുത്തണമെന്ന് നിര്‍ദ്ദേശമുണ്ടെന്നും മന്ത്രി അറിയിച്ചു.

കുടുംബ വരുമാനം അടിസ്ഥാനമാക്കി നാല് തരം റേഷന്‍ കാര്‍ഡുകളാണ് നിലവിലുള്ളത്. ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വിവിധ നിര്‍ദേശങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ആംബുലന്‍സുകളുടെ നിരക്ക് ഏകീകരിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയോട് ആവശ്യപ്പെട്ടതായും മന്ത്രി ആന്റണി രാജു അറിയിച്ചു.

 

 

Top