തെലങ്കാനയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ബസുകള്‍ തയ്യാറായി

തെലങ്കാന: തെലങ്കാനയില്‍ ജയിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ബസുകള്‍ തയ്യാറാക്കി. ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിനുമുന്നിലാണ് ആഡംബര ബസുകള്‍ ഉളളത്. ജയിക്കുന്ന മുഴുവന്‍ എംഎല്‍എമാരോടും ഹോട്ടലിലേക്ക് എത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാവേരി ബസ് കമ്പനിയുടെ സ്ലീപ്പര്‍ ബസുകളാണ് തയ്യാറാക്കിയത്. ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലാണ് തെലങ്കാനയിലെ രാഷ്ട്രീയ നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നത്.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 67 ഇടത്ത് കോണ്‍ഗ്രസും 31 ഇടത്ത് ബിആര്‍എസും മറ്റുള്ളവര്‍ 18 ഇടത്തുമാണ് ലീഡ് ചെയ്യുന്നത്. കെപിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഡിയുടെ വസതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. ഡിസംബര്‍ 9ന് സര്‍ക്കാര്‍ രൂപീകരണം എന്ന് തെലങ്കാന കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ ഫ്‌ലെക്‌സ് ബോര്‍ഡ് പതിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ജയിക്കും എന്നും ആഘോഷങ്ങള്‍ ഇതിനകം തുടങ്ങി എന്നും ഫ്‌ലെക്‌സ് ബോര്‍ഡില്‍ പറയുന്നു. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നാണ് പാര്‍ട്ടി ക്യാംപിലെ പ്രതീക്ഷ. എന്നാല്‍ ബിആര്‍എസ് ഫലം വരും മുന്നേ കോണ്‍ഗ്രസ് എംഎല്‍എമാരെ സ്വന്തം ചേരിയിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നുമുണ്ട്.

Top