വാഹന വില്‍പ്പനയില്‍ കുറവ്; ഉത്പാദനം കുറയ്ക്കുന്നത് തുടരും

മുംബൈ: വാഹന വില്‍പ്പന കുറഞ്ഞതിനെത്തുടര്‍ന്ന് വാഹന നിര്‍മാതാക്കള്‍ ഉത്പാദനം കുറയ്ക്കുന്നത് തുടരുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ യൂട്ടിലിറ്റി വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ പ്ലാന്റുകളുടെ പ്രവൃത്തിദിനത്തില്‍ എട്ടു മുതല്‍ 14 ദിവസം വരെ കുറവ് വരുത്തുമെന്നാണ് വിവരം. ഈ കാലയളവില്‍ പ്ലാന്റുകള്‍ അടച്ചിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മാരുതി സുസുകി, ടൊയോട്ട, ഹോണ്ട കാര്‍സ് ഇന്ത്യ, ടാറ്റാ മോട്ടോഴ്‌സ് എന്നിവ ഉത്പാദനം 7 മുതല്‍ 18 ശതമാനം വരെ കുറച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് മഹീന്ദ്ര ഇത്തരത്തില്‍ ഉത്പാദനം കുറയ്ക്കുന്നത്.

ഏപ്രില്‍- ജൂലൈ കാലയളവില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ആകെ ആഭ്യന്തര വാഹന വില്‍പ്പനയില്‍ എട്ടു ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചാണിത്. ഈ കാലയളവില്‍ 1.62 ലക്ഷം വാഹനങ്ങളാണ് മഹീന്ദ്രയില്‍ നിന്ന് നിരത്തിലെത്തിയത്. എന്നാല്‍, യാത്രാവാഹനങ്ങളുടെ വില്‍പ്പനയില്‍ 30 ശതമാനം കുറവുണ്ടായതയാണ് ആധികൃതര്‍ വ്യക്തമാക്കിയത്. രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വില്‍പ്പനയിടിവാണിത്. കൊമേഴ്‌സല്‍ വാഹനങ്ങളുടെ വില്‍പ്പനയിലാവട്ടെ പത്തു ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്.

അതേസമയം, ടാറ്റാ മോട്ടോഴ്‌സിന്റെ പൂനയിലും ജംഷഡ്പുരിലുമുള്ള പ്ലാന്റുകള്‍ ഈ മാസം എട്ടു മുതല്‍ മൂന്നു ദിവസത്തേക്ക് അടച്ചിട്ടു. വാഹനങ്ങളുടെ ബുക്കിങ് അനുസരിച്ച് ഉത്പാദനം നടത്താന്‍ ജീവനക്കാരുടെ ഷിഫ്റ്റ് ക്രമീകരിക്കാനാണ് ഇവ അടച്ചിട്ടത്. കമ്പനിയുടെ സനന്ദിലെ പ്ലാന്റ് ജൂണില്‍ ഏഴു ദിവസത്തോളം അടച്ചിട്ടു. മാരുതി സുസുകിയാവട്ടെ മനേസറിലെയും ഗുരുഗ്രാമിലെയും പ്ലാന്റുകള്‍ ജൂണില്‍ എട്ടു ദിവസം അടച്ചിട്ടിരുന്നു. ഹോണ്ട കാര്‍സ് ഇന്ത്യയും മൂന്നു ദിവസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തി.

ഇരുചക്ര വാഹന വിഭാഗത്തില്‍ ഹീറോ മോട്ടോകോര്‍പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍, ടിവിഎസ്, റോയല്‍ എന്‍ഫീല്‍ഡ് എന്നിവയും ഉത്പാദനം കുറച്ചതായാണ് റിപ്പോര്‍ട്ട്.

Top