ന്യൂഡൽഹി: രാജ്യത്തെ ഇരുചക്ര വാഹന വിപണിക്ക് ഇടിവ്. സുസുകി മോട്ടോർ സൈക്കിൾ ഒഴിച്ചുള്ള ഇരുചക്ര വാഹന കമ്പനികളുടെ കണക്കിലാണ് ഇത് പുറത്തുവരുന്നത്. പത്തു ശതമാനത്തിലേറെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബർ മാസത്തെ കണക്കിലാണ് ഇടിവ് റിപ്പോർട്ട് ചെയ്തത്.
ഇരുചക്ര വാഹന കമ്പനിയായ സുസുകിക്ക് മാത്രം 15 ശതമാനം വർദ്ധന ഉള്ളതായാണ് റിപ്പോർട്ട്. ഹീറോ മോട്ടോ കോർപിനു വിൽപന 16 ശതമാനം ഇടിഞ്ഞതായും പറയുന്നു. ഹോണ്ടയുടെ വിൽപന 3.94 ലക്ഷത്തിൽനിന്ന് അഞ്ചുശതമാനം കുറഞ്ഞ് 3.73 ലക്ഷമാവുകയും ചെയ്തു.
ടിവിഎസ് മോട്ടോർ വിൽപന 26.5 ശതമാനം കുറഞ്ഞ് 1.91 ലക്ഷമായും ബജാജ് ഓട്ടോ 2.05 ലക്ഷത്തിൽനിന്ന് 14 ശതമാനം കുറഞ്ഞ് 1.76 ലക്ഷത്തിലെത്തുകയും ചെയ്തു. റോയൽ എൻഫീൽഡിന് 10 ശതമാനം ഇടിവ് വിൽപന ഉണ്ടായതായും പറയുന്നു.