ഛണ്ഡീഗഡ്:യുഎഇയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന 10 ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യന്‍ ബിസിനസുകാരന്‍ നല്‍കിയത് 60 ലക്ഷം രൂപ.
പഞ്ചാബുകാരനും ദുബായിലെ ബിസിനസുകാരനുമായ എസ്.പി.എസ് ഒബ്രോയ് ആണ് തന്റെ ദയാവായ്പുകൊണ്ട് 10 ജീവനുകള്‍ കാത്തത്.
പാകിസ്ഥാനിയായ ഒരാളെ വധിച്ച കുറ്റത്തിന് യുഎഇ ജയിലില്‍ വധശിക്ഷ കാത്തു കഴിയുന്ന 10 പഞ്ചാബി യുവാക്കളാണ് ഒബ്രോയിയുടെ കാരുണ്യംകൊണ്ട് ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയിരിക്കുന്നത്. കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിരുന്ന ഇവരുടെ വധശിക്ഷ ഒഴിവാക്കാന്‍ 200,000 ദിര്‍ഹമായിരുന്നു കോടതിയില്‍ അടയ്‌ക്കേണ്ടിയിരുന്നത്.
പണമില്ലാത്തതിനാല്‍ വധശിക്ഷ മാത്രമായിരുന്നു ഇവരുടെ മുന്നിലുള്ളത്. ഇവരുടെ ദുരിതാവസ്ഥ മനസ്സിലാക്കിയാണ് ഒബ്രോയ് പണമടച്ച് ഇവരെ മോചിപ്പിക്കുകയായിരുന്നു.വൈകാതെ ജയില്‍ മോചിതരാകുന്ന ഈ യുവാക്കള്‍ക്ക് തന്റെ സന്നദ്ധ സംഘടനയില്‍ ജോലി നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. താന്‍ ഇതുവരെ ഇപ്രകാരം 88 പേരെ രക്ഷിച്ചിട്ടുണ്ടെന്ന് ഒബ്രോയ് പറയുന്നു.
ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഒബ്രോയ് തന്റെ സമ്പത്തുകൊണ്ട് ആശ്വാസമേകുന്നത് ഇത് ആദ്യമായല്ല. വര്‍ഷത്തില്‍ 36 കോടി രൂപയാണ് ഇങ്ങനെ അദ്ദേഹം ചിലവഴിച്ചിട്ടുള്ളത്. തന്റെ നാട്ടുകാര്‍ക്കു മാത്രമല്ല, തന്നെ സമീപിക്കുന്ന അര്‍ഹരായവരെയെല്ലാം സഹായിക്കാന്‍ അദ്ദേഹം സന്നദ്ധനാണ്.
പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെല്ലാം അദ്ദേഹം തന്റെ സന്നദ്ധ സംഘടനയിലൂടെ സഹായങ്ങള്‍ നല്‍കുന്നുണ്ട്. മനുഷ്യസ്‌നേഹ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബഹുമതിയായി ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.