സിയോള്‍ : അമേരിക്കയെ നശിപ്പിക്കുന്ന ആണവായുധങ്ങളുടെ ബട്ടണ്‍ തന്റെ മേശപ്പുറത്താണെന്ന കിം ജോങ് ഉന്നിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം.
പുതുവത്സരദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് സുപ്രധാന വെളിപ്പെടുത്തല്‍ ഉത്തരകൊറിയന്‍ ഭരണാധികാരി നടത്തിയത്.
ഉത്തരകൊറിയയുടെ പക്കല്‍ ആണവായുധമുണ്ടെന്നത് ഭീഷണിയല്ല മറിച്ച് യാഥാര്‍ത്ഥ്യമാണെന്ന് അമേരിക്ക തിരിച്ചറിഞ്ഞിരിക്കുന്നു. ആണവായുധങ്ങളുടെ ബട്ടണ്‍ തന്റെ മേശപ്പുറത്താണെന്നും അമേരിക്കക്ക് അറിയാം. അമേരിക്കയിലെ പ്രധാന നഗരങ്ങളെല്ലാം തങ്ങളുടെ ആണവായുധ പോര്‍മുനയിലാണെന്നും കിം വ്യക്തമാക്കിയിരുന്നു.
കിം ജോങ് ഉന്നിന്റെ യുദ്ധക്കൊതി വ്യക്തമാക്കുന്നതാണ് ഈ വെളിപ്പെടുത്തലെന്നാണ് ലോകരാഷ്ട്രങ്ങള്‍ കരുതുന്നത്.
അമേരിക്ക എന്തെങ്കിലും സാഹസം കാണിച്ചാല്‍ ഒരു സെക്കന്റ്‌കൊണ്ട് എല്ലാം നശിപ്പിക്കുമെന്ന വ്യക്തമായ സന്ദേശമാണ് കിം പുതുവര്‍ഷത്തില്‍ നല്‍കിയത്.
പാശ്ചാത്യ ശൈലിയിലുള്ള ഗ്രേ കളര്‍ സ്യൂട്ടണിഞ്ഞാണ് കിം ടെലിവിഷനില്‍ പുതുവത്സര പ്രഭാഷണം നടത്തിയത്. ഉത്തരകൊറിയയുടെ സാമ്പത്തിക പുരോഗതിയും ജനങ്ങളുടെ ജീവിത നിലവാരവും ഉയരുന്നതായും പ്രസംഗത്തിലൂടെ കിം വിശദമാക്കി.
അമേരിക്കയുടെ ഭീഷണിപോലും അവഗണിച്ചാണ് കിം ആണവായുധ പരീക്ഷണങ്ങള്‍ നടത്തി വരുന്നത്.