2075 ഓടെ അമേരിക്കയെ പിന്തള്ളി ഇന്ത്യ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും; ഗോള്‍ഡ്മാന്‍സ് സാക്‌സ്

ദില്ലി: 2075 ഓടെ അമേരിക്കയെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് ആഗോള ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ പ്രവചനം. 1.4 ബില്യണ്‍ ജനസംഖ്യയുള്ള ഇന്ത്യയുടെ ജിഡിപി വികസിക്കുമെന്നും 2075 ഓടെ രാജ്യം ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നുമാണ് ഗോള്‍ഡ്മാന്‍ സാച്‌സിന്റെ പ്രവചനം.2075ഓടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 52.5 ട്രില്യണ്‍ ഡോളറായി ഉയരുകയും അമേരിക്കയെ പിന്തള്ളി ചൈനക്ക് പിന്നില്‍ രണ്ടാമതാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ തൊഴില്‍ രംഗത്തെ പങ്കാളിത്തം വര്‍ധിപ്പിക്കുകുയം നൈപുണ്യവികസനത്തില്‍ വൈദഗ്ധ്യം നേടുകയുമാണ് വര്‍ധിച്ചുവരുന്ന ജനസംഖ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ചെയ്യേണ്ടതെന്ന് ഗോള്‍ഡ്മാന്‍ സാച്ച്സ് റിസര്‍ച്ചിന്റെ ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധന്‍ സന്തനു സെന്‍ഗുപ്ത പറഞ്ഞു.

അടുത്ത രണ്ട് ദശാബ്ദങ്ങളില്‍ ഇന്ത്യയുടെ ആശ്രിതത്വ അനുപാതം മറ്റുള്ള സമ്പദ്വ്യവസ്ഥകളെ അപേക്ഷിച്ച് ഏറ്റവും താഴ്ന്ന നിരക്കിലായിരിക്കും. ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുക, സേവന രംഗത്തെ വളര്‍ച്ച തുടരുക, അടിസ്ഥാന വികസന രംഗത്തെ വളര്‍ച്ച തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യക്ക് മുന്നില്‍ കൃത്യമായ വാതിലുകളാണ് തുറന്നിരിക്കുന്നതെന്നും സെന്‍ഗുപ്ത വ്യക്തമാക്കി.

ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ചയുടെ അനുപാതം മികച്ചതാണ്. സാങ്കേതികവിദ്യയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പുരോഗതി ഇന്ത്യ കൈവരിച്ചു. ജനസംഖ്യാ വളര്‍ച്ച മാത്രം ജിഡിപിയുടെ വികസനത്തിന് കാരണമാകില്ല. നവീകരണവും തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കലും പ്രധാനമാണ്. മൂലധന നിക്ഷേപം മുന്നോട്ടുള്ള വളര്‍ച്ചയുടെ ഒരു പ്രധാന പ്രേരകമാണെന്നും ആനുപാതികമായ ജനസംഖ്യാ വളര്‍ച്ച ഭാവിയില്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജനസംഖ്യാ കണക്കില്‍ ജോലി ചെയ്യാന്‍ സാധിക്കുന്ന പ്രായമുള്ളവരുടെ വളര്‍ച്ചയാണ് ഇന്ത്യക്ക് ഏറ്റവും അനുകൂലമായ ഘടകം.

ഇന്ത്യയിലെ സ്വകാര്യ കോര്‍പ്പറേറ്റുകളുടെയും ബാങ്കുകളുടെയും ബാലന്‍സ് ഷീറ്റുകള്‍ പരിശോധിക്കുമ്പോള്‍ സ്വകാര്യ മേഖലയില്‍ വലിയ മൂലധന ചെലവുകള്‍ക്ക് അനുയോജ്യമായ സാഹചര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ വലിയ ജനസംഖ്യ അവസരമാണ്. എന്നാലും തൊഴില്‍ മേഖലയിലെ പങ്കാളിത്ത നിരക്ക് വര്‍ധിപ്പിച്ചുകൊണ്ട് ജനസംഖ്യയെ ഉല്‍പ്പാദനപരമായി ഉപയോഗിക്കുന്നത് വെല്ലുവിളിയാണെന്നും പറയുന്നു. ഇന്ത്യയില്‍ ജനസംഖ്യാപരമായ മാറ്റം ഏഷ്യയിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അനുകൂലമായി സംഭവിക്കുന്നു.

ഇന്ത്യയില്‍ മരണനിരക്കിലും ജനനനിരക്കിലും ക്രമാനുഗതമായ കുറവുണ്ടായതാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിച്ചില്ലെങ്കില്‍ ഇന്ത്യയുടെ വലിയ അവസരം നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യയിലെ തൊഴില്‍ പങ്കാളിത്ത നിരക്ക് കുറഞ്ഞെന്നും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് ഉയര്‍ത്തുന്നതിലൂടെ വലിയ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

Top