ഒരു ലോക മഹായുദ്ധത്തിന്റെ എല്ലാ സാധ്യതയും ഇപ്പോഴും ശക്തമായി തന്നെ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ക്രൈമിയയില്‍ റഷ്യ നിര്‍മ്മിച്ച പാലം തകര്‍ത്ത യുക്രെയ്ന്‍ നടപടിയാണ് സ്ഥിതി കൂടുതല്‍ വഷളാക്കിയിരിക്കുന്നത്. ഇതിന്റെ തിരിച്ചടി മാരകമായാണ് റഷ്യ നല്‍കിയിരിക്കുന്നത്. യുക്രെയിന്‍ തലസ്ഥാനമായ കീവ് ഉള്‍പെടെയുളള നിരവധി നഗരങ്ങളിലാണ് റഷ്യ താണ്ഡവമാടിയിരിക്കുന്നത്. മരണ സംഖ്യ പാശ്ചാത്യ മാധ്യമങ്ങള്‍ പുറത്ത് വിട്ടതിലും എത്രയോ കൂടുതലാണ് എന്നാണ് പുറത്ത് വരുന്ന നിഗമനം. നഷ്ടങ്ങളും അതിഭീകരമാണ്. തണുത്ത് വിറയ്ക്കുന്ന കാലാവസ്ഥയില്‍ വൈദ്യുതി കേന്ദ്രങ്ങള്‍ വരെ തകര്‍ത്ത് തരിപ്പണമായതിനാല്‍ അതിജീവിക്കാന്‍ യുക്രെയിന്‍ ജനത ഏറെ കഷ്ടപ്പെടുകയാണ്. ഇത് യുക്രെയിന്‍ ഭരണകൂടത്തിനു മേല്‍ ഉയര്‍ത്തുന്ന സമ്മര്‍ദ്ദവും ഏറെയാണ്. യുക്രെയിന്റെ നാല് പ്രദേശങ്ങള്‍ പിടിച്ചടുക്കിയതോടെ സൈനിക നടപടി തല്‍ക്കാലം അവസാനിപ്പിക്കാന്‍ റഷ്യ ആലോചിക്കുന്നതിനിടെയാണ് യുക്രെയിന്‍ പ്രകോപനം ഉണ്ടാക്കി കനത്ത നാശം വിളിച്ചു വരുത്തിയിരിക്കുന്നത്.
കീവില്‍ ഉള്‍പ്പടെ നടത്തിയ മിസൈല്‍ ആക്രമണം പ്രതികാരമാണെന്ന് റഷ്യ തന്നെ സ്ഥരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. റഷ്യന്‍ പ്രതികരണത്തിന്റെ ആദ്യ എപ്പിസോഡ് മാത്രമാണ് ഇപ്പോള്‍ കണ്ടതെന്നും കൂടുതല്‍ ഇനി പ്രതീക്ഷിക്കാമെന്നുമാണ് റഷ്യയുടെ മുന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്?വദേവ് തുറന്നടിച്ചിരിക്കുന്നത്. മറ്റ് ഉന്നത റഷ്യന്‍ നേതാക്കളും ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തി രംഗത്ത് വന്നിട്ടുണ്ട്. റഷ്യ എന്നു പറഞ്ഞാല്‍ അമേരിക്കയെ പോലെയല്ല പറഞ്ഞാല്‍ പറഞ്ഞത് കൃത്യമായി ചെയ്തു കളയുന്ന രാജ്യമാണ്. ഇതു തന്നെയാണ് അമേരിക്കന്‍ ചേരിയെ ഭയപ്പെടുത്തുന്നതും. കടുത്ത ആക്രമണം ഉണ്ടാകുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുട്ടിനും വ്യക്തമാക്കി കഴിഞ്ഞു.
അതിസൂക്ഷ്മതയുള്ള ദീര്‍ഘദൂര ആയുധങ്ങള്‍ ഉപയോഗിച്ചാണ് യുക്രെയ്‌ന്റെ ഊര്‍ജ – സൈനിക, ആശയവിനിമയ മേഖലകള്‍ തകര്‍ത്തിരിക്കുന്നത്. യുക്രെയിന്‍ ഭീകരാക്രമണങ്ങള്‍ തുടരാനാണു ശ്രമമെങ്കില്‍ റഷ്യയുടെ തിരിച്ചടി കൂടുതല്‍ തീവ്രമായിരിക്കും എന്നാണ്, പുടിന്റെ മുന്നറിയിപ്പ്. റഷ്യ ഒക്ടോബര്‍ 10ന് മാത്രം 84 മിസൈലുകള്‍ തൊടുത്തതായി യുക്രെയ്ന്‍ സേനയും വ്യക്തമാക്കിയിട്ടുണ്ട്. നഷ്ടത്തിന്റെ വ്യാപ്തി എത്രയെന്ന് ഇതില്‍ നിന്നു തന്നെ ഊഹിക്കാവുന്നതാണ്. ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ കെര്‍ച്ച് പാലത്തില്‍ ഉഗ്ര സ്ഫോടനം നടന്നപ്പോള്‍ തന്നെ റഷ്യന്‍ തിരിച്ചടി ഉറപ്പായിരുന്നു. അതാകട്ടെ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയുമാണ്.
അതേസമയം റഷ്യന്‍ മിസൈല്‍ ആക്രമണത്തെ നേരിടാന്‍ മിസൈല്‍ പ്രതിരോധ സംവിധാനം യുക്രെയിനു നല്‍കാനുള്ള അമേരിക്കന്‍ തീരുമാനവും റഷ്യയെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മിസൈല്‍ പ്രതിരോധ സംവിധാനം കൊണ്ടുവരുന്ന വിമാനങ്ങള്‍ റഷ്യ വെടിവെച്ചിട്ടാനുള്ള സാധ്യതയും വര്‍ദ്ധിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതോടെ പ്രത്യക്ഷത്തില്‍ തന്നെ അമേരിക്ക – റഷ്യ ഏറ്റുമുട്ടലായി യുദ്ധം മാറാനുള്ള സാധ്യതയും വര്‍ദ്ധിച്ചിരിക്കുകയാണ്. നിലവില്‍ യുക്രെയിന്‍ യുദ്ധം തന്നെ അമേരിക്ക സൃഷ്ടിച്ചതാണ്. റഷ്യയുടെ അയല്‍രാജ്യമായ യുക്രെയിനില്‍ നാറ്റോയുടെ സൈനിക താവളം സൃഷ്ടിക്കാനുള്ള നീക്കമാണ് റഷ്യയുടെ സൈനിക നടപടിയില്‍ കലാശിച്ചിരുന്നത്. അതിപ്പോള്‍ ശരിക്കും യുദ്ധമായി തന്നെ മാറിക്കഴിഞ്ഞു. അമേരിക്കയുടെയും നാറ്റോ സഖ്യത്തിന്റെയും ആയുധങ്ങളും ടെക്‌നോളജിയും ഉപയോഗപ്പെടുത്തിയാണ് റഷ്യക്കെതിരെ യുക്രെയിന്‍ സേന യുദ്ധം ചെയ്യുന്നത്. അതു കൊണ്ടു തന്നെ മിസൈല്‍ പ്രതിരോധ സംവിധാനം കൂടി അമേരിക്ക നല്‍കിയാല്‍ റഷ്യ ഏത് രൂപത്തില്‍ പ്രതികരിക്കുമെന്നതും ഊഹിക്കാവുന്നതേയൊള്ളു. ഒരിക്കലും വിശ്വസിക്കാന്‍ പറ്റാത്ത മിസൈല്‍ പ്രതിരോധ സംവിധാനമാണ് അമേരിക്കയ്ക്ക് ഉള്ളത്.
സൗദിയിലും ജപ്പാനിലും ദക്ഷിണ കൊറിയയിലും ഇതു തന്നെയാണ് സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ ഈ പ്രതിരോധ കവചം സൗദിയില്‍ ഇറാനും ദക്ഷിണ കൊറിയയിലും ജപ്പാനിലും ഉത്തര കൊറിയയും പലവട്ടം തകര്‍ത്തിട്ടുള്ളതാണ്. ജപ്പാന് മുകളിലൂടെ ഉത്തര കൊറിയ മിസൈല്‍ പറത്തിയത് ഈ അടുത്തയിടെയാണ്. അതു കൊണ്ട് തന്നെ അമേരിക്കന്‍ മിസൈല്‍ പ്രതിരോധം കൊണ്ട് യുക്രെയിനും കാര്യമായ സംരക്ഷണം ലഭിക്കാന്‍ സാധ്യതയില്ല. എന്നാല്‍ റഷ്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം അങ്ങനെയല്ല റഷ്യക്കു നേരെ ആക്രമണം നടത്തുന്നതും എളുപ്പമല്ല. ലോകത്തിലെ ഏറ്റവും ശക്തമായ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫ് റഷ്യയുടേതാണ്. അടുത്തയിടെ ഇതിന്റെ ആദ്യ ബാച്ച് ഇന്ത്യയും സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല റഷ്യക്കെതിരെ ഒരു മിസൈല്‍ ആക്രമണം അമേരിക്ക ചിന്തിക്കുന്ന മാത്രയില്‍ തന്നെ ആ രാജ്യം ആണവായുധം പ്രയോഗിച്ചിരിക്കും. അമേരിക്കയെ പോലെ ഇക്കാര്യത്തില്‍ കൂടുതല്‍ ആഴത്തില്‍ ചിന്തിക്കേണ്ട കാര്യമെന്നും റഷ്യക്കില്ല. അമേരിക്കന്‍ പ്രസിഡന്റിന് ഉള്ളതിനേക്കാള്‍ കൂടുതല്‍ അധികാരം റഷ്യ ഇതിനകം തന്നെ അവരുടെ പ്രസിഡന്റിനു നല്‍കിയിട്ടുണ്ട്. ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലത്തില്‍ ഒരു സ്‌ഫോടനം നടത്തിയപ്പോള്‍ തന്നെ മിസൈല്‍വര്‍ഷം നടത്തിയ റഷ്യ സ്വന്തം രാജ്യത്തിനു നേരെ മിസൈല്‍ ആക്രമണം ഉണ്ടായാല്‍ എങ്ങനെയാണ് പ്രതികരിക്കുക എന്നത് നമുക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ്.
യുക്രെയിന്‍ ചാവേറുകള്‍ പാലത്തില്‍ സ്‌ഫോടനം നടത്തി മണിക്കുറുകള്‍ക്കകം തന്നെ ഈ പാലം പ്രവര്‍ത്തനക്ഷമമാക്കിയ റഷ്യന്‍ മികവും ലോക രാജ്യങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ തിരിച്ചടി യുക്രെയിന്‍ ചോദിച്ചു വാങ്ങിയതാണെന്ന് തന്നെയാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. ടെക്‌നോളജിയുടെ പുതിയ കാലത്ത് യുദ്ധത്തിന്റെ ഗതി ഏത് നിമിഷവും മാറി മറിയും. പഴയ പ്രതാപത്തില്‍ അഹങ്കരിക്കുന്ന അമേരിക്ക നേരിട്ട് റഷ്യയുമായി ഏറ്റുമുട്ടാന്‍ മടിക്കുന്നതും അതു കൊണ്ടാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ആണവ ശേഖരമുള്ള റഷ്യയെ അമേരിക്ക ഭയക്കുക തന്നെ വേണം. ഉത്തരകൊറിയ തുടര്‍ച്ചയായി മിസൈല്‍ പരീക്ഷണം നടത്തുന്നതും ആത്യന്തികമായി റഷ്യന്‍ നീക്കങ്ങള്‍ക്കാണ് ഗുണം ചെയ്യുക. അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും ഉത്തരകൊറിയന്‍ നീക്കത്തെയും പ്രതിരോധിക്കേണ്ടതുണ്ട് എന്നതിനാല്‍ യുക്രെയിനിനാണ് അതും തിരിച്ചടിയാകുക. അമേരിക്ക റഷ്യക്കെതിരെ കടുപ്പിച്ചാല്‍ ഉത്തര കൊറിയയില്‍ നിന്നായിരിക്കും ഒരുപക്ഷേ ആദ്യം മിസൈലുകള്‍ പറന്നുയരുക. പൊതുവെ ലോകത്തില്‍ നിന്നും ഒറ്റപ്പെട്ട ഉത്തര കൊറിയ റഷ്യയുമായി കൂടുതല്‍ ശക്തമായ സഹകരണമാണ് ആഗ്രഹിക്കുന്നത്. അതിനുള്ള ഏതൊരു അവസരവും അവര്‍ പ്രയോജനപ്പെടുത്തുകയും ചെയ്യും. അക്കാര്യവും ഉറപ്പാണ്.
EXPRESS KERALA VIEW