തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ സിപിഐഎം വെള്ളിയാഴ്ച പ്രഖ്യാപിക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് തയാറാക്കിയ പട്ടിക നാളെ ജില്ലാ സെക്രട്ടറിയേറ്റുകളും മണ്ഡലം കമ്മിറ്റികളും ചര്‍ച്ച ചെയ്യും.
എറണാകുളത്ത് പൊതു സ്വതന്ത്രനേയും മഞ്ചേശ്വരത്ത് ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ഉള്ള സ്ഥാനാര്‍ത്ഥിയേയും പരിഗണിക്കാനാണ് തീരുമാനം. എറണാകുളത്ത് അഭിഭാഷകനായ മനു റോയ്, സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ റോണ്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
മഞ്ചേശ്വരത്ത് കെആര്‍ ജയാനന്ദ, ശങ്കര്‍റൈ എന്നിവരില്‍ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആലോചന. വട്ടിയൂര്‍ക്കാവില്‍ കോര്‍പറേഷന്‍ മേയര്‍ വികെ പ്രശാന്തിനാണ് മുന്‍ തൂക്കം. കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെഎസ് സുനില്‍കുമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വികെ മധു എന്നിവരും പട്ടികയില്‍ ഉണ്ട്.
കോന്നിയില്‍ ഡിവൈഎഫ്ഐ നേതാവ് കെ യു ജനീഷ് കുമാര്‍, സിപിഐഎം പത്തനംതിട്ട ജില്ലാസെക്രട്ടറി കെപി ഉദയഭാനു, എംഎസ് രാജേന്ദ്രന്‍ എന്നിവരാണ് പരിഗണനയില്‍. അരൂരില്‍ സി ബി ചന്ദ്രബാബു, മനു സി പുളിക്കന്‍, പിപി ചിത്തരഞ്ചന്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. ജില്ലാ സെക്രട്ടറിയറ്റുകളുടെ നിര്‍ദേശം പരിശോധിച്ചായിരിക്കും വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയറ്റ് അന്തിമ തീരുമാനം എടുക്കുക.
ഈ മാസം 29ന് വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിലേയും മുപ്പതിന് ആരൂര്‍, എറണാകുളം മണ്ഡലങ്ങളിലേയും കണ്‍വെന്‍ഷനുകള്‍ നടത്താനാണ് ഇടത് മുന്നണി യോഗത്തിന്റെ തീരുമാനം. എ വിജയരാഘവന്‍, ഇടതുമുന്നണി കണ്‍വീനര്‍ മണ്ഡലം കണ്‍വന്‍ഷനുകളില്‍ മുഖ്യമന്ത്രി, കോടിയേരി, കാനം തുടങ്ങി മുന്നണിയുടെ പ്രധാനനേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.