തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നാളെ രാവിലെ എട്ടിന് ആരംഭിക്കും. എട്ടരയോടെ ആദ്യ ഫലസൂചന അറിയാം.
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും പാർട്ടി തല കണക്കുകൂട്ടലുകൾ പൂർത്തിയാക്കി. അന്തിമ ഫലത്തിനായുള്ള കാത്തിരിപ്പിലാണ് മൂന്ന് മുന്നണികളും. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അഞ്ച് മണ്ഡലങ്ങളിലും പൂർത്തിയായി.
നാളെ എട്ട് മണിയോടെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് മെഷിനുകള്‍ പുറത്തെടുക്കും. കനത്ത സുരക്ഷയാണ് സ്ട്രോംഗ് റൂമുകള്‍ക്ക് മുന്നില്‍ ഒരുക്കിയിരിക്കുന്നത്. വരണാധികാരിയുടെ സാന്നിധ്യത്തിലാകും സീല്‍ പൊട്ടിച്ച് സ്ട്രോംഗ് റൂമുകള്‍ തുറക്കുക. തുടര്‍ന്ന് വോട്ടിംഗ് മെഷീനുകളും വിവി പാറ്റും കൌണ്ടിംഗ് കേന്ദ്രത്തില്ത സജ്ജീകരിച്ചിരിക്കുന്ന ടേബിളുകളിലേക്ക് മാറ്റും.
പോസ്റ്റല്‍ വോട്ടുകളാകും ആദ്യം എണ്ണുക. പത്ത് മണിയോടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വ്യക്തമായ രൂപം ലഭ്യമാകും. ഓരോ റൗണ്ട് കഴിയുമ്പോഴും സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ പ്രഖ്യാപിക്കും. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിക്കഴിഞ്ഞിട്ടാകും ഔദ്യോഗിക ഫലപ്രഖ്യാപനമെങ്കിലും അനൗദ്യോഗികമായി ഫലം ഉച്ചയോടെ അറിയാം.