കുട്ടനാട്ടിലെ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമേലുയര്‍ത്തുന്നത് വലിയ വെല്ലുവിളി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളിലെയും പ്രധാന പാര്‍ട്ടികള്‍ മത്സരിക്കാതിരുന്ന മണ്ഡലമാണിത്. ഇടതുപക്ഷത്ത് നിന്നും എന്‍.സി.പിയും യു.ഡി.എഫില്‍ നിന്നും കേരള കോണ്‍ഗ്രസ്സും എന്‍.ഡി.എയില്‍ നിന്നും ബി.ഡി.ജെ.എസുമാണ് 2016ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്.
എന്‍.സി.പി സ്ഥാനാര്‍ത്ഥിയായ തോമസ് ചാണ്ടി 50,114 വോട്ട് സമാഹരിച്ചാണ് മണ്ഡലം നിലനിര്‍ത്തിയിരുന്നത്.
കേരള കോണ്‍ഗ്രസ്സിലെ ജേക്കബ് എബ്രഹാം നേടിയത് 45,223 വോട്ടുകളാണ്. ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥി സുഭാഷ് വാസു സമാഹരിച്ചതാകട്ടെ 33,044 വോട്ടുകളുമാണ്.
ഈ മൂന്ന് പാര്‍ട്ടികളുടെയും ശക്തിയല്ല, മുന്നണിയുടെ ശക്തിയാണ് വോട്ടിംഗില്‍ പ്രതിഫലിച്ചിരിക്കുന്നത്.
കുട്ടനാടിനെ സംബന്ധിച്ച് എന്‍.സി.പി ഒരു ശക്തിയേയല്ല. സി.പി.എമ്മിന്റെ വോട്ടും തോമസ് ചാണ്ടിയുടെ വ്യക്തി ബന്ധവുമാണ് ഇവിടെ തുണച്ചിരുന്നത്.
ചാണ്ടിയില്ലാത്ത തിരഞ്ഞെടുപ്പില്‍ എന്‍.സി.പിക്ക് സി.പി.എം സീറ്റ് വിട്ടു കൊടുത്താല്‍ അത് ഇനി ആത്മഹത്യാപരമാകും.
പ്രത്യേകിച്ച് ശിവസേന സര്‍ക്കാറില്‍ എന്‍.സി.പി അംഗമായ സ്ഥിതിക്ക് ഇക്കാര്യം തിരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാകാനും സാധ്യതയുണ്ട്.
കോണ്‍ഗ്രസ്സും, ശിവസേന സര്‍ക്കാറില്‍ ഭാഗമായതിനാല്‍ യു.ഡി.എഫിനും അത് വലിയ തലവേദനയാകും. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ എന്‍.ഡി.എയാണ് വ്യാപകമായി ശ്രമിക്കുക.
എന്നാല്‍ എന്‍.ഡി.എയുടെ കാര്യവും മണ്ഡലത്തില്‍ അത്ര ശുഭകരമല്ല. ബി.ഡി.ജെ.എസ് – ബി.ജെ.പി ബന്ധം തകര്‍ന്ന അവസ്ഥയാണ് നിലവിലുള്ളത്.
കഴിഞ്ഞ തവണ മത്സരിച്ച സുഭാഷ് വാസുവും വെള്ളാപ്പള്ളിമാരും തമ്മില്‍ കട്ട ഉടക്കാണ് നിലവിലുള്ളത്.
ബി.ഡി.ജെ.എസിനെ പിളര്‍ത്തി സുഭാഷ് വാസു വിഭാഗത്തെ ഒപ്പം നിര്‍ത്താനാണ് ബി.ജെ.പി നിലവില്‍ ശ്രമിക്കുന്നത്. ഇത് വെള്ളാപ്പള്ളി നടേശനും ബിജെപി നേതൃത്വവുമായുള്ള രൂക്ഷമായ ഭിന്നതയ്ക്കും കാരണമായിട്ടുണ്ട്.
ഈഴവ വിഭാഗത്തിന് ശക്തിയുള്ള മണ്ഡലത്തില്‍ വലിയ പ്രതീക്ഷയിലാണ് കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് മത്സരിച്ചിരുന്നത്. എന്നാല്‍ 33,044 വോട്ടുകള്‍ കൊണ്ട് അവര്‍ക്ക് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.
പുതിയ സാഹചര്യത്തില്‍ വരുന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി തന്നെ നേരിട്ട് മത്സരിക്കാനാണ് സാധ്യത. ഇക്കാര്യം പ്രവര്‍ത്തകര്‍ തന്നെ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടതുപക്ഷത്തും യു.ഡി.എഫിലും സമാനമായ വികാരമാണുള്ളത്. സി.പി.എം മത്സരിക്കണമെന്ന ആവശ്യം ചെമ്പടയില്‍ ശക്തമാണ്. ആളില്ലാ പാര്‍ട്ടിയെ ഇനിയും ആളാക്കാന്‍ നോക്കരുതെന്നാണ് ആവശ്യം. ശിവസേന സര്‍ക്കാറിന്റെ ഭാഗമായ എന്‍.സി.പിയെ മുന്നണിയില്‍ നിന്നു തന്നെ പുറത്താക്കണമെന്ന അഭിപ്രായവും സി.പി.എമ്മില്‍ നിലവിലുണ്ട്. ആര്‍.എസ്.എസിനേക്കാള്‍ വലിയ തീവ്ര ഹിന്ദുത്വവാദം ഉയര്‍ത്തുന്ന പാര്‍ട്ടിക്കൊപ്പം ഭരിക്കുന്നവര്‍ ചുവപ്പ് പ്രത്യേയശാസ്ത്രവുമായി ഒത്തുപോകില്ലന്നാണ് വാദം.
ബ്രാഞ്ച് തലം മുതല്‍ സി.പി.എം പ്രവര്‍ത്തകര്‍ ശക്തമായാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഒറ്റക്ക് മത്സരിച്ചാല്‍ പോലും തിളക്കമാര്‍ന്ന വിജയം ഉറപ്പാണെന്നാണ് അണികള്‍ നേതൃത്വത്തിന് നല്‍കുന്ന ഉറപ്പ്. കുട്ടനാട്ടിലെ ഇടതു സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടായിരിക്കും ഇനി നിര്‍ണ്ണായകമാവുക.
യു.ഡി.എഫിലും സ്ഥിതി വ്യത്യസ്തമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അവസ്ഥയല്ല ആ മുന്നണിയില്‍ ഇപ്പോഴുള്ളത്. കേരള കോണ്‍ഗ്രസ്സിന് ഇത്തവണ സീറ്റ് വിട്ടു കൊടുത്താല്‍ പരസ്പരം കാലുവാരി അവര്‍ തന്നെ തോല്‍പ്പിക്കുമെന്നാണ് ഭയം. മൂന്ന് മുന്നണിയിലെയും ഘടകകക്ഷികളുടെ സ്വാധീനം വച്ചു നോക്കുമ്പോള്‍ കേരള കോണ്‍ഗ്രസ്സിന് അല്‍പം സ്വാധീനം കുട്ടനാട്ടിലുണ്ട്. എങ്കിലും കോണ്‍ഗ്രസ്സ് തന്നെയാണ് മണ്ഡലത്തിലെ പ്രതിപക്ഷത്തെ വലിയ ശക്തി.
കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസ്സിന് നല്‍കാന്‍ കഴിയില്ലന്ന ഉറച്ച നിലപാടിലാണ് ആലപ്പുഴ ഡി.സി.സി നേതൃത്വം.
പാലായിലെ പോലെ പരസ്പരം കാല് വാരി മുന്നണിയുടെ അടിത്തറ തന്നെ അവര്‍ തകര്‍ക്കുമെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
ഇനി സീറ്റ് കേരള കോണ്‍ഗ്രസ്സിന് നല്‍കിയാല്‍ തന്നെ ഏത് വിഭാഗത്തിന് നല്‍കും എന്നതും വലിയ ഒരു ചോദ്യമാണ്. ജോസ്.കെ മാണി വിഭാഗം ഒരിക്കലും സീറ്റ് വിട്ട് നല്‍കാന്‍ തയ്യാറാകില്ല. സീറ്റ് കിട്ടിയില്ലങ്കില്‍ ചിഹ്നം ജോസഫ് വിഭാഗവും വിട്ടു നല്‍കില്ല. ഫലത്തില്‍ പാലായുടെ അവസ്ഥയിലേക്കാവും കാര്യങ്ങള്‍ പോകുക. യു.ഡി.എഫില്‍ നിലവില്‍ രണ്ട് വിഭാഗവും രണ്ട് പാര്‍ട്ടികളെ പോലെയാണ് നില്‍ക്കുന്നത്.
പാലായില്‍ ജോസ് വിഭാഗം മത്സരിച്ചതിനാല്‍ കുട്ടനാട് വിട്ടുതരണമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം.
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ്, കോന്നി, പാല എന്നീ ഉറച്ച കോട്ടകള്‍ പോലും തകര്‍ന്ന സാഹചര്യത്തില്‍ കൈവിട്ട കളിക്ക് കോണ്‍ഗ്രസ്സും കുട്ടനാട്ടില്‍ തയ്യാറല്ല.
കെ.പി.സി.സിയും യു.ഡി.എഫും ഇക്കാര്യത്തില്‍ ഉറച്ചൊരു തീരുമാനമെടുക്കുമെന്നാണ് മുല്ലപ്പള്ളി വ്യക്തമാക്കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയും, ചെന്നിത്തലയും സ്വീകരിക്കുന്ന നിലപാടുകളും വഴിത്തിരിവായേക്കും.
നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന അവസാനത്തെ ഉപതിരഞ്ഞെടുപ്പായതിനാല്‍ മൂന്ന് മുന്നണികള്‍ക്കും കുട്ടനാട് വിധി അതിനിര്‍ണ്ണായകമാണ്.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ ഉള്‍പ്പെടുന്ന ചമ്പക്കുളം, എടത്വാ, കൈനകരി, കാവാലം, മുട്ടാര്‍, നെടുമുടി, നീലംപേരൂര്‍, പുളിങ്കുന്ന്, രാമങ്കരി, തകഴി, തലവടി, വെളിയനാട് എന്നീ പഞ്ചായത്തുകളും, കാര്‍ത്തികപ്പള്ളി താലൂക്കിലെ വീയപുരംപഞ്ചായത്തും ചേര്‍ന്നതാണ് കുട്ടനാട് നിയമസഭാമണ്ഡലം.
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.സി.പിക്ക് വേണ്ടി തോമസ് ചാണ്ടി 60010 വോട്ടുകള്‍ നേടിയിരുന്നു. 7971 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് അദ്ദേഹം വിജയിച്ചത്. കേരള കോണ്‍ഗ്രസ് (എം) ല്‍ നിന്നും മത്സരിച്ച കെ.സി.ജോസഫിന് 52039 വോട്ടുകളും ബി.ജെ.പിയുടെ കെ. സോമന് 4395 വോട്ടും ലഭിക്കുകയുണ്ടായി.
2014 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും കൊടിക്കുന്നില്‍ സുരേഷ് 51703 വോട്ട് നേടിയാണ് വിജയിച്ചത്. സി.പി.ഐയില്‍ നിന്നും മത്സരിച്ച ചെങ്ങറ സുരേന്ദ്രന്‍ 50508 വോട്ടുകളും നേടി. വെറും 1195 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് കൊടിക്കുന്നില്‍ സുരേഷ് വിജയിച്ചിരുന്നത്. ബി.ജെ.പിയുടെ പി സുധീറിന് ആ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 8739 വോട്ടുകളാണ്.
2015 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 47,034 വോട്ടാണ് ലഭിച്ചിരുന്നത്. എല്‍.ഡി.എഫിന് 44,541 വോട്ടും എന്‍.ഡി.എയ്ക്ക് 18,630 വോട്ടും മണ്ഡലത്തില്‍ ലഭിക്കുകയുണ്ടായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം 50,114 വോട്ടും യുഡിഎഫ് 45,223 വോട്ടുമാണ് നേടിയത്. വോട്ട് വലിയ രൂപത്തില്‍ വര്‍ധിപ്പിച്ച എന്‍ഡിഎയ്ക്ക് ലഭിച്ചത് 33,044 വോട്ടുകളാണ്.
പൗരത്വ ബില്ലിനെതിരായ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തവണ ഉപതിരഞ്ഞെടുപ്പ് നടക്കുവാന്‍ പോകുന്നത്.
ഭൂരിപക്ഷ സമുദായ വോട്ട് ഏകീകരണമാണ് ബി.ജെ.പി ഇവിടെ ലക്ഷ്യമിടുന്നത്. കേന്ദ്ര മന്ത്രിമാരെ അടക്കം പ്രചരണത്തിന് ഇറക്കാനാണ് പ്ലാന്‍.
യു.ഡി.എഫ് ആകട്ടെ തോമസ് ചാണ്ടിയുടെ അഭാവത്തില്‍ ഇത്തവണ അട്ടിമറി വിജയമാണ് ലക്ഷ്യമിടുന്നത്. പാളയത്തിലെ പട ചതിക്കില്ലന്ന പ്രതീക്ഷയിലാണ് അവരുടെ തയ്യാറെടുപ്പുകള്‍.
ഇടതുപക്ഷമാകട്ടെ സ്ഥാനാര്‍ത്ഥി ആരായാലും വിജയിപ്പിച്ചിരിക്കുമെന്ന ഉറച്ച വാശിയിലുമാണ്. താഴെ തട്ടു മുതലുള്ള സി.പി.എം കേഡര്‍മാര്‍ ഇപ്പോള്‍ തന്നെ സജീവമായി കഴിഞ്ഞു.
പ്രധാനമായും സര്‍ക്കാറിന്റെ നേട്ടങ്ങള്‍ നിരത്തി വോട്ട് തേടാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധവും സി.പി.എം തിരഞ്ഞെടുപ്പില്‍ ആയുധമാക്കും.
തുടര്‍ ഭരണത്തിന് ഇടതുപക്ഷവും അട്ടിമറിക്ക് യു.ഡി.എഫും ഇറങ്ങുന്നതോടെ തിളച്ച് മറിയാന്‍ പോകുന്നത് ഇനി കുട്ടനാടാണ്. കേന്ദ്ര ഭരണ ‘പവര്‍’ ഉപയോഗിച്ച് ബി.ജെ.പി കൂടി രംഗത്തുള്ളതിനാല്‍ ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടക്കുക. രാഷ്ട്രീയ കേരളത്തിന്റെ കണ്ണുകളാകെ ഇപ്പോള്‍ ഉറ്റുനോക്കുന്നത് ഈ വിധിയെഴുത്തിന് വേണ്ടിയാണ്. 2021 ന്റെ സൂചന കുട്ടനാട് നല്‍കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.
Political Reporter