ഇടതുപക്ഷത്തെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണീ നിയമസഭ ഉപതെരഞ്ഞെടുപ്പ്. പാലാ മാറ്റി നിര്‍ത്തിയാല്‍ മറ്റ് അഞ്ച് മണ്ഡലങ്ങളില്‍ കരുത്ത് തെളിയിക്കേണ്ടത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇടതിന് അനിവാര്യമാണ്. പ്രത്യേകിച്ച് വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് പിന്നില്‍ മൂന്നാമതായി പോയാല്‍ ‘പണി’ പാളും. ഇടതുപക്ഷ അണികള്‍ക്ക് പ്രത്യേകിച്ച് സി.പി.എം അണികള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണിത്.
ലോകസഭ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഈ മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് കഴിഞ്ഞാല്‍ നേട്ടമുണ്ടാക്കിയത് ബി.ജെ.പിയാണ്. ഇവിടങ്ങളില്‍ യു.ഡി.എഫ് – ബി.ജെ.പി നേരിട്ടുള്ള ഏറ്റുമുട്ടല്‍ വരുന്നത് സംഘ പരിവാറിന്റെ ആത്മവിശ്വാസമാണ് വര്‍ദ്ധിപ്പിക്കുക. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് ശക്തമായ പ്രചരണമാണ് സി.പി.എം ഇപ്പോള്‍ ലക്ഷ്യമിടുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പ്രത്യേക ചുമതല തന്നെ ഈ മണ്ഡലങ്ങളില്‍ പാര്‍ട്ടി നല്‍കിയിട്ടുണ്ട്.
സിറ്റിംഗ് സീറ്റായ അരൂര്‍ നിലനിര്‍ത്താന്‍ ഇടപെടേണ്ട ചുമതല പ്രധാനമായും രണ്ട് മന്ത്രിമാര്‍ക്കാണ് സി.പി.എം നല്‍കിയിരിക്കുന്നത്. മന്ത്രി ജി.സുധാകരനും തോമസ് ഐസക്കും അരുരിലെ പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. എറണാകുളത്ത് പി.രാജീവിന്റെ മേല്‍നോട്ടത്തിലാണ് പ്രചരണം നടക്കുക.
മുഖ്യമന്ത്രി പിണറായി ഉള്‍പ്പെടെ ഇടതുപക്ഷത്തെ മുഴുവന്‍ നേതാക്കളും പ്രചരണത്തില്‍ സജീവമായി രംഗത്തുണ്ടാകും. ഇതിനായി പ്രത്യേക ചാര്‍ട്ട് തന്നെ സിപിഎം തയ്യാറാക്കിയിട്ടുണ്ട്. സമീപ മണ്ഡലങ്ങളിലെയും ജില്ലകളിലെയും പാര്‍ട്ടി കേഡര്‍മാരെ 5 മണ്ഡലങ്ങളിലും നിയോഗിക്കുവാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്. ജനപ്രതിനിധികള്‍ക്കും സംസ്ഥാന ഭാരവാഹികള്‍ക്കും പുറമെയാണിത്. ഈ കേഡര്‍മാരെ പ്രധാനമായും ഗൃഹസന്ദര്‍ശനത്തിനായിരിക്കും ഉപയോഗിക്കുക.
സര്‍ക്കാറിന്റെ നേട്ടങ്ങള്‍, ക്ഷേമ പദ്ധതികള്‍, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വോട്ടര്‍മാരില്‍ എത്തിക്കാന്‍ കുടുംബ യോഗങ്ങളും വ്യാപകമായി സംഘടിപ്പിക്കും. മന്ത്രിമാര്‍ ഉള്‍പ്പെടെ ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. വിവാദ പ്രസ്താവനകളില്‍ നിന്നും മാറി നില്‍ക്കാനും നേതാക്കള്‍ക്കും കീഴ് ഘടകങ്ങള്‍ക്കും സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിലും വിജയിക്കണമെങ്കില്‍ ഉപതെരഞ്ഞെടുപ്പിലെ വിജയം ഇടതിന് അനിവാര്യമാണ്. അതുകൊണ്ട് തന്നെ ആവനാഴിയിലെ സകല ആയുധവും പ്രയോഗിക്കാന്‍ തന്നെയാണ് അവരുടെ തീരുമാനം.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ഇടതുപക്ഷം പരമാവധി വോട്ട് സമാഹരിക്കാന്‍ ശ്രമിച്ചാല്‍ വെട്ടിലാകുക യു.ഡി.എഫ് ആണ്.
ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കാതിരിക്കാന്‍ സി.പി.എം കഴിഞ്ഞ കാലങ്ങളില്‍ ചില വിട്ടു വീഴ്ചകള്‍ ചെയ്തിരുന്നു. പൊതു തെരഞ്ഞെടുപ്പില്‍ ചെയ്ത ആ വിട്ടു വീഴ്ച ഉപതെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ പക്ഷേ സാധ്യത വളരെ കുറവാണ്. സ്വയം ശക്തി തെളിയിക്കാന്‍ ഈ മണ്ഡലങ്ങളില്‍ സി.പി.എം ഇറങ്ങിയാല്‍ തങ്ങള്‍ക്കാണ് നേട്ടമുണ്ടാവുകയെന്നാണ് ബി.ജെ.പി കരുതുന്നത്. കോന്നിയിലും സമാനമായ സാഹചര്യമാണുള്ളത് കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് പത്തനംതിട്ടയില്‍പ്പെട്ട കോന്നിയില്‍ കെ സുരേന്ദ്രന്‍ കാഴ്ചവച്ചിരുന്നത്. ഈ മണ്ഡലത്തില്‍ അട്ടിമറി വിജയം ലക്ഷ്യമിട്ടാണ് ബി.ജെ.പിയിപ്പോള്‍ നീങ്ങുന്നത്.
കാവിക്കൊടി പാറുമെന്ന അവസ്ഥ വരുമ്പോള്‍ ചെമ്പട കാണിക്കുന്ന ജാഗ്രതയിലാണ് മൂന്ന് മണ്ഡലത്തിലെയും യു.ഡി.എഫിന്റെ നിലവിലെ പ്രതീക്ഷ. അരൂര്‍ സീറ്റ് നില നിര്‍ത്താനാണ് പ്രധാനമായും സി.പി.എം ശ്രമിക്കുകയെന്നും മറ്റിടങ്ങളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ വിട്ടുവീഴ്ച ചെയ്യുമെന്നുമാണ് യുഡിഎഫിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ കാവി രാഷ്ട്രീയത്തെ തുരത്തുന്നതോടെപ്പം തന്നെ വിജയിക്കാനാണ് ഈ മൂന്ന് മണ്ഡലങ്ങളിലും ശ്രമിക്കുകയെന്നാണ് സി.പി.എം നേതൃത്വം വ്യക്തമാക്കുന്നത്.
ഒരു സഹായവും യു.ഡി.എഫ് പ്രതീക്ഷിക്കേണ്ടെന്നും അഞ്ച് മണ്ഡലങ്ങളിലും കാറ്റ് ഇടതുപക്ഷത്തിന് അനുകൂലമാണെന്നുമാണ് ചെമ്പടയുടെ വാദം. ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ കൈവിട്ട ജനവിഭാഗങ്ങള്‍ ഉപതെരഞ്ഞെടുപ്പില്‍ കൈ തരുമെന്നുതന്നെയാണ് സി.പി.എം പ്രതീക്ഷിക്കുന്നത്.
കോണ്‍ഗ്രസ്സ് നേതാക്കള്‍ രാജ്യത്ത് ഒന്നാകെ ബി.ജെ.പിയായി മാറുന്ന സാഹചര്യത്തില്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇത്തവണ യു.ഡി.എഫിനെ കൈവിടുമെന്നതാണ് പ്രതീക്ഷയ്ക്കാധാരം. രാഹുല്‍ ഗാന്ധിയില്‍ ‘രക്ഷകനെ’ കണ്ട് വോട്ട് ചെയ്തവര്‍ക്ക് പറ്റിയ അമളി, ഉപതെരഞ്ഞെടുപ്പില്‍ അവര്‍ തിരുത്തുമെന്ന പ്രചരണം സോഷ്യല്‍ മീഡിയകളിലും ഇപ്പോള്‍ വ്യാപകമാണ്.
Political Desk