കേരളത്തില്‍ 5 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു; ഒക്ടോബര്‍ 21ന് വോട്ടെടുപ്പ്

ന്യൂഡല്‍ഹി: കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലും മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിലും ഒക്ടോബര്‍ 21നാണ് വോട്ടെടുപ്പ് നടക്കുക. ഒക്ടോബര്‍ 24 നാണ് വോട്ടെണ്ണല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഈ മാസം 30നാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 4നുമാണ്.

കേരളത്തില്‍ കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം, വട്ടിയൂര്‍കാവ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. എംഎല്‍എമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അരൂര്‍ ഒഴികെ ബാക്കിയെല്ലാം യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്.

ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചത്.

അതേസമയം, പാലായിലെ ഉപതെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിക്കുകയായിരുന്നു. 23നാണ് പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുക. സെപ്റ്റംബര്‍ 27നാണ് ഫലം പ്രഖ്യാപിക്കുക. ഒക്ടോബര്‍ 27ന് ഹരിയാന മന്ത്രിസഭയുടെയും നവംബര്‍ ആദ്യവാരം മഹാരാഷ്ട്ര സര്‍ക്കാരിന്റെയും കാലാവധി അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്.

Top