ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന 5 മണ്ഡലങ്ങളില്‍ യു.ഡി.എഫ് ഏറ്റവും കൂടുതല്‍ വിജയ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് എറണാകുളം. വ്യാവസായിക നഗരത്തിലെ ഈ മണ്ഡലം എങ്ങനെയും പിടിച്ചെടുക്കുക എന്നത് ഇടതുപക്ഷവും ഏറെ ആഗ്രഹിക്കുന്ന കാര്യമാണ്. നിലനില്‍പ്പിനും അട്ടിമറിക്കും വേണ്ടിയുള്ള പോരാട്ടത്തിനാണ് ഇവിടെയിപ്പോള്‍ തിരിതെളിഞ്ഞിരിക്കുന്നത്.
സിറ്റിംഗ് എം.എല്‍.എ ആയിരുന്ന ഹൈബി ഈഡന്‍ ലോകസഭയിലേക്ക് പോയതോടെ ഈ സീറ്റ് ഏറെ ആഗ്രഹിച്ചിരുന്നത് മുന്‍ കേന്ദ്ര മന്ത്രി പ്രൊഫ.കെ.വി തോമസാണ്. ലോകസഭ സീറ്റ് തര്‍ക്കത്തില്‍ ഹൈക്കമാന്റ് ഇത്തരമൊരു ഉറപ്പ് അദ്ദേഹത്തിന് ല്‍കിയിരുന്നതായാണ് പുറത്ത് വരുന്ന വിവരം. കെ.വി തോമസോ, അതല്ലങ്കില്‍ അദ്ദേഹത്തിന്റെ നോമിനിയോ സ്ഥാനാര്‍ത്ഥിയായില്ലങ്കില്‍ പാര ഉറപ്പാണെന്ന ധാരണ കെ.പി.സി.സി നേതൃത്വത്തിനും ഉണ്ട്. സഭാ നേതൃത്വവുമായി ഏറെ അടുപ്പമുള്ള കെ.വി തോമസിനെ ഗ്രൂപ്പ് നേതൃത്വങ്ങളും ഭയക്കുന്നുണ്ട്. ഏറെ കാലം എം.പിയും മന്ത്രിയുമായിരുന്ന കെ.വി തോമസിന് മണ്ഡലത്തില്‍ ശക്തമായ ബന്ധങ്ങളാണുള്ളത്. അതേസമയം തോമസിന് സീറ്റ് നല്‍കിയാല്‍ പാര വെച്ച് തോല്‍പ്പിക്കാന്‍ രംഗത്തിറങ്ങാനാണ് കോണ്‍ഗ്രസ്സിലെ എ, ഐ ഗ്രൂപ്പുകളിലെ ഒരു വിഭാഗത്തിന്റെ തീരുമാനം.
ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ചും രമേശ് ചെന്നിത്തലയെ സംബന്ധിച്ചും ഒരു പോലെ വെല്ലുവിളി ഉയര്‍ത്തുന്ന നേതാവാണ് കെ.വി തോമസ്. സോണിയ ഗാന്ധിയുമായി വ്യക്തിപരമായ അടുപ്പം തന്നെ അദ്ദേഹത്തിനുണ്ട്. 2021ല്‍ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായാല്‍ മുഖ്യമന്ത്രി കസേരയാണ് കെ.വി തോമസ് ലക്ഷ്യമിടുന്നത്.
മുഖ്യമന്ത്രി കസേരക്ക് വേണ്ടി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കടിപിടി കൂടുമ്പോള്‍ ഒത്തു തീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി വരാമെന്നതാണ് കെ.വി തോമസിന്റെ മനസ്സിലിരിപ്പ്. ഇതിന് ഹൈക്കമാന്റിന്റെ പിന്തുണ തനിക്കുണ്ടാകുമെന്നും അദ്ദേഹം കരുതുന്നുണ്ട്. ഈ കണക്ക് കൂട്ടലുകളെല്ലാം മുന്‍ നിര്‍ത്തിയാണ് കെ.വി തോമസിപ്പോള്‍ ചരട് വലിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുന്നയാള്‍ പിന്നെ ആ മണ്ഡലം കുത്തകയാക്കി വയ്ക്കുന്നതാണ് കോണ്‍ഗ്രസിലെ നിലവിലെ രീതി.
സീറ്റ് നിഷേധിക്കപ്പെടുകയാണെങ്കില്‍ കെ.വി തോമസ് വെറുതെയിരിക്കില്ലന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. അത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ മാത്രമേ തോമസിന് 2021ല്‍ ഊഴം ലഭിക്കുകയുള്ളു. അപകടം മുന്നില്‍ കണ്ട് കെ.വി തോമസിന് എതിരെ ശക്തമായ ചരട് വലികളാണ് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗമിപ്പോള്‍ നടത്തുന്നത്. ഇതില്‍ പ്രധാനികള്‍ ഐ വിഭാഗമാണ്. ഗ്രൂപ്പിന് മണ്ഡലം കൈവിട്ട് പോകുമെന്ന ആശങ്കയും ഇവരെ അസ്വസ്ഥമാക്കുന്നുണ്ട്. കെ.വി തോമസ് തനിക്ക് വെല്ലുവിളിയാകുമെന്ന് കണ്ട് രമേശ് ചെന്നിത്തലയും തന്ത്രപരമായാണ് നീങ്ങുന്നത്.
കെ.വി തോമസിന് സീറ്റ് ലഭിച്ചാലും ഇല്ലങ്കിലും പാളയത്തില്‍ പാര എന്തായാലും ഉറപ്പാണ്. കോണ്‍ഗ്രസ്സിലെ സ്ഥാനമോഹികളുടെ ഈ പോരിലാണ് പ്രധാനമായും ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ പ്രതീക്ഷ. ചേരാനല്ലൂര്‍ പഞ്ചായത്ത്, വടുതല, കുന്നും പുറം, എളമക്കര , കലൂര്‍, സെന്‍ട്രല്‍ സിറ്റി, അയ്യപ്പന്‍ കാവ് നോര്‍ത്ത്, തേവര, വാത്തുരുത്തി, ഗാന്ധിനഗര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് എറണാകുളം മണ്ഡലം. 135 ബൂത്തുകളാണ് ഇവിടെയുള്ളത്.
യു.ഡി.എഫ് ശക്തികേന്ദ്രമായ മണ്ഡലത്തില്‍ എളമക്കര ,കുന്നുംപുറം, കലൂര്‍, വടുതല ഭാഗങ്ങളില്‍ ഇടതുപക്ഷത്തിനും ശക്തമായ അടിത്തറയുണ്ട്. നഗരസഭാ തെരഞ്ഞെടുപ്പില്‍ ഈ മേഖലകളില്‍ അത് പ്രതിഫലിച്ചതുമാണ് . സ്ഥിരമായി ഇടതിനൊപ്പം നില്‍ക്കുന്ന ഒരു പ്രദേശം ഗാന്ധിനഗറാണ്. സെന്‍ട്രല്‍ സിറ്റിയാവട്ടെ ബി.ജെ.പിയോടും അടുത്ത കാലത്തായി ചെറിയ ചായ്വ് പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.
ഇത്തവണ എറണാകുളത്ത് എളുപ്പത്തില്‍ ജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കു പോലും ഇപ്പോഴില്ല. കടുത്ത മത്സരം നടക്കുമെന്ന് തന്നെയാണ് അവരും കണക്ക് കൂട്ടുന്നത്. മുന്‍പ് പലവട്ടം ഇടതുപക്ഷം വിജയിച്ച ചരിത്രം ചൂണ്ടിക്കാട്ടിയാണ് ഈ വിലയിരുത്തല്‍.
എതിരാളികളേക്കാള്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തെ ശരിക്കും ഭയപ്പെടുത്തുന്നത് ഉള്‍പ്പോര് തന്നെയാണ്. ഇത് എങ്ങനെ മറികടക്കാന്‍ കഴിയും എന്നതിനെ ആശ്രയിച്ചായിരിക്കും യു.ഡി.എഫിന്റെ ഇത്തവണത്തെ ജയ സാധ്യത. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഇരു ഗ്രൂപ്പിലെയും പ്രധാനികളെയും കെ.വി തോമസിനെയും ഒപ്പം നിര്‍ത്തി പ്രത്യേക യോഗം വിളിച്ച് ചേര്‍ക്കാന്‍ കെ.പി.സി.സി നേതൃത്വം ഇതിനകം തന്നെ തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക നിരീക്ഷകരെയും മണ്ഡലത്തില്‍ ഉടന്‍ നിയോഗിക്കും.
പാലാരിവട്ടം മേല്‍പ്പാലം വിവാദമാണ് യു.ഡി.എഫ് നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ഈ സംഭവത്തില്‍ മുന്‍ മന്ത്രിയും യു.ഡി.എഫ് നേതാവുമായ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലാകുന്നതോടെ പ്രചരണ രംഗത്തും യു.ഡി.എഫ് പ്രതിരോധത്തിലാകാനാണ് സാധ്യത. ഇബാഹിം കുഞ്ഞ് നിലവില്‍ നഗര പരിധിയിലുള്ള കളമശ്ശേരി എം.എല്‍.എയാണ്. പാലാരിവട്ടം മേല്‍പ്പാലമാകട്ടെ നഗര ഹൃദയത്തിലുമാണ്.
പാലം വിവാദം മറ്റ് നാല് മണ്ഡലങ്ങളേക്കാള്‍ കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് എറണാകുളത്ത് തന്നെയാണ്.
ഇബാഹിം കുഞ്ഞിനെതിരെ ആവശ്യത്തിന് തെളിവുകള്‍ ലഭിച്ച് കഴിഞ്ഞതായാണ് വിജിലന്‍സുദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഇപ്പോള്‍ ജയിലിലുള്ള ഐ.എ.എസ് ഓഫീസര്‍ ടി.ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്താല്‍ മുന്‍ മന്ത്രിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
പാലം നിര്‍മാണത്തിന് കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ ഉത്തരവിട്ടത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞായിരുന്നുവെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ടി.ഒ സൂരജ് പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും അദ്ദേഹത്ത ചോദ്യംചെയ്യുന്നത്. ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക.
പിണറായി സര്‍ക്കാറിനെ സംബന്ധിച്ച് 5 മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് നിര്‍ണ്ണായകമായതിനാല്‍ ഇക്കാര്യത്തില്‍ ഇനി അധികം താമസമുണ്ടാകാനിടയില്ല. ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലാകുന്നതോടെ പിന്നെ തിരഞ്ഞെടുപ്പ് പ്രചരണ ഗതി തന്നെ ഈ സംഭവത്തെ ആശ്രയിച്ചായിരിക്കും. എറണാകുളം മണ്ഡലത്തില്‍ മാത്രമല്ല മറ്റ് മണ്ഡലങ്ങളിലും ഇതിന്റെ അലയൊലി ആഞ്ഞടിക്കും.
രാഷ്ട്രീയ പ്രേരിതമായ അറസ്റ്റെന്ന് പറഞ്ഞ് തലയൂരാന്‍ അത്തരമൊരു സാഹചര്യത്തില്‍ യു.ഡി.എഫിന് ഒരിക്കലും കഴിയുകയില്ല. ഹൈക്കോടതിയടക്കം രൂക്ഷ പരാമര്‍ശം നടത്തിയ കേസില്‍ വന്‍ അഴിമതി നടന്നതായാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. ഉന്നത രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് പാലം അഴിമതിയില്‍ പങ്കുണ്ടെന്നും ഇവരുടെ പേരുകള്‍ കരാറുകാരന്‍ സുമിത് ഗോയലിന് അറിയാമെന്നുമാണ് ഹൈക്കോടതിയെ വിജിലന്‍സ് അറിയിച്ചിരിക്കുന്നത്.
പാലം നിര്‍മ്മാണത്തിനുള്ള കരാര്‍ ഏറ്റെടുക്കുമ്പോള്‍ കരാറുകാരന്റെ ആര്‍.ഡി.എസ് കമ്പനി വലിയ സാമ്പത്തിക ബാധ്യതയിലായിരുന്ന കാര്യവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊതു പണം പാലം നിര്‍മ്മാണത്തിന് ഉപയോഗിക്കാതെ കടബാധ്യത തീര്‍ക്കാന്‍ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി 147 രേഖകളാണ് ഇതുവരെ വിജിലന്‍സ് പിടിച്ചെടുത്തിരിക്കുന്നത്. 29 സാക്ഷികളെയാണ് ഇതുസംബന്ധമായി മാത്രം ചോദ്യം ചെയ്തിരിക്കുന്നത്.
Political Reporter