തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് ടിക്കറാം മീണ

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ. നിര്‍ബന്ധമെങ്കില്‍ ആഗസ്റ്റിന് ശേഷം നടത്താമെന്നും ടിക്കറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

അതേ സമയം അന്തിമ തീരുമാനം ജൂലൈ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗത്തില്‍ ഉണ്ടാകും.

സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കൊവിഡ് പടരുന്ന സാഹചര്യത്തിലും ഉറവിടമറിയാത്ത രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായ സാഹചര്യത്തിലും തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രയോഗിക ബുദ്ധിമുട്ടുണ്ട്.

അതോടൊപ്പം സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്ന സമയമാണ്. തെരഞ്ഞെടുപ്പ് ബൂത്തുകളാകുന്ന സ്‌കൂളുകളും മറ്റും ദുരിതാശ്വാസ കേന്ദ്രങ്ങളാക്കി മാറ്റിയേക്കും. ഇതിനിടയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് വെല്ലുവിളിയാണെന്നും ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തില്‍ വ്യക്തമാക്കുന്നു.

നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷത്തില്‍ താഴെ മാത്രമുള്ള സമയത്ത് തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോയെന്ന് പരിശോധിക്കണം. നിലവിലെ സാമ്പത്തിക പ്രതിസന്ധികളുടെ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് കോടികളുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും കത്തില്‍ ടിക്കാറാം മീണ വ്യക്തമാക്കുന്നു.

Top