തിരുവനന്തപുരം : അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. യുവാക്കളും പുതുമുഖങ്ങളുമാണ് എല്‍ഡഎഫിന്റെ സ്ഥാനാര്‍ഥികള്‍ എന്നതാണ് ശ്രദ്ധേയം.
വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തും കോന്നിയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജെനീഷ് കുമാറും മത്സരിക്കും. അരൂരില്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റംഗം മനു സി.പുളിക്കലാണ് സി.പി.എം സ്ഥാനാര്‍ഥി.
മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പുവിന് പകരം ജില്ലാ കമ്മറ്റിയംഗം ശങ്കര്‍ റൈ മത്സരിക്കും. എറണാകുളത്ത് ഹൈക്കോടതി അഭിഭാഷകനായ മനു റോയ് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കും.
സ്ഥാനാര്‍ഥികള്‍ എല്ലാവരും പുതുമുഖങ്ങളാണെന്നും സാമുദായിക ഘടകങ്ങള്‍ നോക്കുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും കോടിയേരി വ്യക്തമാക്കി. സാമുദായിക സമവാക്യങ്ങളെ അടിസ്ഥാനമാക്കിയല്ല സ്ഥാനാര്‍ഥി നിര്‍ണയം. എറണാകുളത്ത് സ്ഥാനാര്‍ഥിയുടെ സമുദായമല്ല നോക്കിയതെന്നും കോടിയേരി പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിനെ ബാധിക്കില്ല. ശബരിമല ഇപ്പോള്‍ ഘടകമല്ലെന്നും അദ്ദേഹം പറഞ്ഞു. മരട് ഫ്ളാറ്റില്‍ സുപ്രീംകോടതി വിധി നടപ്പാക്കും. അവിടെ താമസിക്കുന്നവര്‍ക്ക് മാനുഷിക പരിഗണന നല്കി മാറ്റി പാര്‍പ്പിക്കുമെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കോടിയേരി പറഞ്ഞു.