കൊൽക്കത്ത: ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിലും ബിജെപിക്ക് തോൽവി. രണ്ട് ലോക്സഭ സീറ്റുകളിലും മൂന്ന് നിയമസഭ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പശ്ചിമ ബംഗാളിലെ രണ്ടു മണ്ഡലങ്ങളിലും ബിജെപിക്ക് വമ്പൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. അസൻസോൾ ലോക്സഭ സീറ്റിൽ 2.3 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടിഎംസിയുടെ ശത്രുഘ്നൻ സിൻഹ വിജയിച്ചത്. ബാലിഗഞ്ചിൽ ടിഎംസി സ്ഥാനാർത്ഥി ബാബുൽ സുപ്രിയോ വിജയം ഉറപ്പിച്ചു.
മുൻ കേന്ദ്രമന്ത്രിയും പ്രമുഖ നടനുമായ ശത്രുഘ്നൻ സിൻഹ 5,45,818 വോട്ടുകളാണ് നേടിയിട്ടുള്ളത്. ബിജെപിയുടെ അഗ്നിമിത്ര പോൾ 3,15,283 വോട്ട് നേടി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച മണ്ഡലമായിരുന്നു അസൻസോൾ.
ബിജെപി വിട്ട് തൃണമൂലിലെത്തിയ ബാബുൽ സുപ്രിയോ, ബാലിഗഞ്ചിൽ 40,623വോട്ടിന് മുന്നിലാണ്. ഇവിടെ സിപിഎം ആണ് രണ്ടാം സ്ഥാനത്ത്. ഇടത് സ്ഥാനാർത്ഥി സൈറ ഷാ ഹാലിും 28,515 വോട്ട് നേടിയിട്ടുണ്ട്. ബിജെപിയുടെ കെയ ഘോഷ് മൂന്നാം സ്ഥാനത്തും കോൺഗ്രസ് നാലാം സ്ഥാനത്തുമാണ്. നിയമസഭ തെരഞ്ഞെടുപ്പിലുൾപ്പെടെ തകർന്നടിഞ്ഞ സിപിഎമ്മിന് ആശ്വാസമാണ് ഈ രണ്ടാം സ്ഥാനം.
ബിഹാറിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ബൊച്ചനിൽ ആർജെഡി വിജയിച്ചു. ഛത്തീസ്ഗഡിലെ കൈരഘറിൽ കോൺഗ്രസാണ് മുന്നിൽ. 20,000 വോട്ടിനാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി ലഡ് ചെയ്യുന്നത്.
മഹാരാഷ്ട്രയിലെ നോർത്ത് കോൽഹാപൂർ നിയമസഭ മണ്ഡലത്തിൽ കോൺഗ്രസിന്റെ ജാദവ് ജയ്ശ്രീ ചന്ദ്രകാന്ത് 71,000 വോട്ട് നേടി മുന്നിലാണ്. ബിജെപിയുടെ സത്യജീത് കദം 57,000 വോട്ട് നേടി. ഇവിടെ നോട്ടയ്ക്ക് 1300 വോട്ട് കിട്ടിയുണ്ട്.