തിരുവനന്തപുരം: അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വ്യാഴാഴ്ച. രാവിലെ എട്ടുമണിക്ക് ആരംഭിക്കും. എട്ടരയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നേക്കും.
പോസ്റ്റല്‍ വോട്ടുകളാകും ആദ്യം എണ്ണുക. പത്ത് മണിയോടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വ്യക്തമായ രൂപം ലഭ്യമാകും. ഓരോ റൗണ്ട് കഴിയുമ്പോഴും സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ പ്രഖ്യാപിക്കും. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിക്കഴിഞ്ഞിട്ടാകും ഔദ്യോഗിക ഫലപ്രഖ്യാപനമെങ്കിലും അനൗദ്യോഗികമായി ഫലം ഉച്ചയോടെ അറിയാം.
മഞ്ചേശ്വരത്ത് ഗവ. എച്ച്.എസ്. പൈവളികെ നഗര്‍, എറണാകുളത്ത് മഹാരാജാസ് കോളേജ്, അരൂരില്‍ ചേര്‍ത്തല പള്ളിപ്പുറം എന്‍.എസ്.എസ്. കോളേജ്, കോന്നിയില്‍ എലിയറയ്ക്കല്‍ അമൃത വി.എച്ച്.എസ്.എസ്., വട്ടിയൂര്‍ക്കാവില്‍ പട്ടം സെയ്ന്‍റ് മേരീസ് എച്ച്.എസ്.എസ്. എന്നിവിടങ്ങളിലാണു വോട്ടെണ്ണല്‍.
അഞ്ചു മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സുരക്ഷയ്ക്കായി 1249 പൊലീസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട. ഇതില്‍ 21 ഡിവൈഎസ്പിമാരും 27 ഇന്‍സ്‌പെക്ടര്‍മാരും 165 സബ് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടും. ഇതോടൊപ്പം സായുധ പൊലീസ് സേനയുടേയും കേന്ദ്ര വ്യവസായ സുരക്ഷിതത്വസേനയുടേയും 13 കമ്പനികളെ വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി വിന്യസിച്ചു.