521 കി.മീ റേഞ്ചുള്ള 200 ഇവികള്‍ ഒരേ ദിവസം നിരത്തിലിറക്കി ബി.വൈ.ഡി

ന്ത്യന്‍ വിപണിയില്‍ കൂടുതലായി ശ്രദ്ധ പതിപ്പിച്ച് തുടങ്ങിയിട്ടുണ്ട് ചൈനീസ് വാഹന ഭീമനായ ബി.വൈ.ഡി. രാജ്യത്ത് വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിന് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് അനുമതി ലഭിച്ചില്ലെങ്കിലും വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് രാജ്യത്തെ വിവിധയിടങ്ങളിലായി 200 അറ്റോ 3 എസ്‌ യു വികള്‍ വിതരണം ചെയ്ത് ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് കമ്പനി. ഡല്‍ഹി എന്‍സിആര്‍, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി എന്നിവയുള്‍പ്പെടെ ആറ് നഗരങ്ങളില്‍ നടന്ന പരിപാടികളിലായാണ് ഇവി നിര്‍മാതാക്കള്‍ 200 ഇലക്ട്രിക് എസ്‌യുവികളുടെ താക്കോല്‍ കൈമാറിയത്.

അടുത്തിടെയാണ് ബി.വൈ.ഡി ഇന്ത്യയില്‍  കമ്പനിയുടെ പ്രവേശനത്തിന്റെ 16-ാം വാര്‍ഷികം ആഘോഷിച്ചത്. 2022 ഒക്ടോബറിലായിരുന്നു ബി.വൈ.ഡി. അറ്റോ 3 എസ്‌യുവി ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഡെലിവറി ഇവന്റുകള്‍ അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ ശേഷികള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദി കൂടിയായി ബി.വൈ.ഡി ഉപയോഗപ്പെടുത്തി. ഇവിയുടെ V2L (വെഹിക്കിള്‍ ടു ലോഡ്) ഫീച്ചറിന്റെ സഹായത്തോടെയുള്ള തത്സമയ സംഗീത വിരുന്ന് ഇവന്റില്‍ സംഘടിപ്പിച്ചിരുന്നു. V2L ടെക് ഉപയോഗിച്ച് ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കാന്‍ സാധിക്കും.

പവര്‍ ടൂളുകള്‍, ഇലക്ട്രിക്കല്‍ ക്യാമ്പിംഗ് ഉപകരണങ്ങള്‍, വിവിധ ഉപഭോക്തൃ ഇലക്ട്രോണിക്സ് എന്നിവയുള്‍പ്പെടെ ബാഹ്യ ഉപകരണങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും ഊര്‍ജ്ജം നല്‍കുന്നതിന് ബാറ്ററിയില്‍ നിന്ന് സംഭരിച്ച ഊര്‍ജ്ജം ഉപയോഗിക്കാന്‍ ഈ സംവിധാനം കൊണ്ട് സാധിക്കും. കഴിഞ്ഞ ദിവസം ആഗോളതലത്തില്‍ 5 ലക്ഷം അറ്റോ 3 പണിതിറക്കി BYD മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരുന്നു. e6 എംപിവിക്ക് ശേഷം ബി.വൈ.ഡി ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ ഉല്‍പ്പന്നമാണ് അറ്റോ 3 എസ്‌യുവി.

ബി.വൈ.ഡിയുടെ ഇ-പ്ലാറ്റ്ഫോം 3.0 അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഇവി. കമ്പനിയുടെ പ്രശസ്തമായ ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യ ലഭിക്കുന്നുവെന്നതാണ് അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ ഒരു ഹൈലൈറ്റ്. 60.48 kWh ബാറ്ററി പായ്ക്കാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇവി ഒറ്റ ചാര്‍ജില്‍ 521 കിലോമീറ്റര്‍ ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 201 bhp പവറും 310 Nm ടോര്‍ക്കും നല്‍കുന്ന PMS ഇലക്ട്രിക് മോട്ടോറാണ് ഇവിക്ക് പവര്‍ നല്‍കുന്നത്.

പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 7.3 സെക്കന്‍ഡ് മാത്രം മതി. മണിക്കൂറില്‍ 160 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി 0-80 ശതമാനം ചാര്‍ജ് ചെയ്യാന്‍ വെറും 50 മിനിറ്റ് സമയം മാത്രം മതിയെന്ന് ചൈനീസ് കമ്പനി അവകാശപ്പെടുന്നു.

ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവിംഗ് അസിസ്റ്റന്‍സ് സിസ്റ്റം (ADAS), ഏഴ് എയര്‍ബാഗുകള്‍, പനോരമിക് സണ്‍റൂഫ്, NFC കാര്‍ഡ് കീ, എന്നീ ഫീച്ചറുകള്‍ ഇലക്ട്രി എസ്യുവിയില്‍ ഒരുക്കിയിട്ടുണ്ട്. 12.8 ഇഞ്ച് അഡാപ്റ്റീവ് റൊട്ടേറ്റിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ ക്യാബിനിലെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്നാണ്. 360-ഡിഗ്രി വ്യൂ മോണിറ്റര്‍, വയര്‍ലെസ് ചാര്‍ജര്‍, വണ്‍ ടച്ച് ഇലക്ട്രിക് ടെയില്‍ഗെയിറ്റ്, 8 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, പവര്‍ സീറ്റുകള്‍ എന്നിവ മറ്റ് സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

33.99 ലക്ഷം മുതല്‍ 34.49 ലക്ഷം രൂപ വരെയാണ് അറ്റോ 3-യുടെ എക്‌സ്‌ഷോറൂം വില. ഇന്ത്യന്‍ വിപണിയില്‍ എംജി ZS ഇവി, ഹ്യുണ്ടായി കോന ഇലക്ട്രിക് എന്നിവയ്ക്കെതിരെയാണ് അറ്റോ 3 മത്സരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ BYD അതിന്റെ ആഗോള പോര്‍ട്ട്ഫോളിയോയിലെ ഏറ്റവും ചെറിയ വാഹനമായ സീഗള്‍ ഹാച്ച്ബാക്കിനായി ഇന്ത്യയില്‍ ട്രേഡ്മാര്‍ക്ക് ഫയല്‍ ചെയ്തിരുന്നു. വൈകാതെ ഈ മോഡല്‍ ഇന്ത്യയിലെത്തുമെന്നാണ് സൂചന. ഈ വര്‍ഷാവസാനം സീല്‍ പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നു.

Top