ഇന്ത്യയിൽ ഇവി നിർമാണ പ്ലാന്റ് സ്ഥാപിക്കാനുള്ള ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി മോട്ടോഴ്‌സിന്റെ നീക്കത്തിന് തിരിച്ചടി . ഒരു ബില്യൺ ഡോളർ (ഏകദേശം 8199 കോടി രൂപ) മൂല്യമുള്ള ഒരു ഇവി നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനുള്ള കമ്പനിയുടെ നിർദ്ദേശം കേന്ദ്ര സർക്കാർ നിരസിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി (എംഇഐഎൽ) ഫോർ വീലർ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനുള്ള ചൈനീസ് കമ്പനിയുടെ നീക്കത്തിനാണ് തിരിച്ചടിയെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി കമ്പനി പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിന് (ഡിപിഐഐടി) ഒരു നിർദ്ദേശം സമർപ്പിച്ചിരുന്നു.
ഇതിന് ശേഷം ഡിപിഐഐടി വിവിധ വകുപ്പുകളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ തേടിയിരുന്നു. ചർച്ചയിൽ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ ഉയർന്നു. രാജ്യത്തെ നിലവിലെ നിയന്ത്രണങ്ങൾ ഇത്തരം നിക്ഷേപങ്ങൾ അനുവദിക്കുന്നില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിൽ ബിവൈഡി ഇലക്ട്രിക് എസ്‌യുവി എറ്റോ 3, ഇലക്ട്രിക് സെഡാൻ ഇ6 എന്നിവ ഇന്ത്യൻ വിപണിയിൽ വിൽക്കുന്നുണ്ട്. കമ്പനി ഉടൻ തന്നെ മറ്റൊരു ഇലക്ട്രിക് കാർ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിലവിൽ വിൽപ്പനയിൽ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളാണ് ബിവൈഡി. പ്രതിവർഷം 10,000-15,000 ഇലക്ട്രിക് കാറുകൾ ഇന്ത്യയില്‍ നിർമ്മിക്കാനായിരുന്നു ബിവൈഡിയുടെ പദ്ധതി. റോഡുകൾ, പാലങ്ങൾ, പവർ പ്ലാന്റുകൾ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് മേഘാ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ്. നിക്ഷേപ നിർദ്ദേശം അനുസരിച്ച് ഇന്ത്യയിൽ ചാർജിംഗ് സ്റ്റേഷനുകളും ഗവേഷണ, വികസന, പരിശീലന കേന്ദ്രങ്ങളും സ്ഥാപിക്കാനും ഇരുകമ്പനികളും പദ്ധതിയിട്ടിരുന്നു.
2020 ഏപ്രിലിൽ കേന്ദ്ര സർക്കാർ അതിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപ നയം (എഫ്ഡിഐ) മാറ്റിയിരുന്നു. കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് സർക്കാർ അനുമതി നിർബന്ധമാക്കി. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇത്തരം നിർദേശങ്ങൾ തീരുമാനിക്കുന്നത്.