ഉപതെരഞ്ഞെടുപ്പിൽ വൻ അട്ടിമറി ലക്ഷ്യം, സകല ശക്തിയും ഉപയോഗിച്ച് ബി.ജെ.പി

പതെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റെങ്കിലും നേടിയിരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പ്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പറ്റിയ ക്ഷീണം തീര്‍ക്കാന്‍ ഈ അവസരം ഉപയോഗിക്കണമെന്ന നിര്‍ദ്ദേശമാണ് ബി.ജെ.പി നേതൃത്വം നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചുമതലകള്‍ ജനറല്‍ സെക്രട്ടറിമാര്‍ക്ക് വീതിച്ച് നല്‍കി ബി.ജെ.പി പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.

വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരനെതിരെ കുമ്മനം രാജശേഖരന്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ ഇവിടെ ഉപതെരഞ്ഞെടുപ്പ് നീളും. ഇക്കാര്യത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വമാകും തീരുമാനമെടുക്കുക. കേസ് പിന്‍വലിക്കില്ലെന്ന നിലപാടില്‍ കുമ്മനം ഉറച്ച് നില്‍ക്കുകയാണെങ്കിലും അനുകൂല സാഹചര്യമാണെങ്കില്‍ തെരഞ്ഞെടുപ്പിന് കളമൊരുക്കാം എന്ന നിലപാട് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനുണ്ട്.

വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞതിനാല്‍ വലിയ വിജയ പ്രതീക്ഷ ബി.ജെ.പിക്കുണ്ട്. അരൂര്‍, എറണാകുളം, പാല മണ്ഡലങ്ങളില്‍ നല്ല മത്സരം കാഴ്ചവയ്ക്കാന്‍ പറ്റുമെന്നും കാവിപട കരുതുന്നു. ദേശീയ രാഷ്ട്രീയ രംഗത്ത് കൈവരിച്ച മുന്നേറ്റമാണ് ബി.ജെ.പിയുടെ ആത്മവിശ്വാസം. കേന്ദ്രമന്ത്രി എന്ന നിലയില്‍ വി മുരളീധരന്റെ സജീവ സാന്നിധ്യവും ഇടപെടലും ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മണ്ഡലങ്ങളിലുണ്ടാകും.

ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ കേഡര്‍മാരെ വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ വിന്യസിക്കും. ഇതിനായുള്ള രൂപരേഖ ഉടന്‍ തന്നെ ആര്‍.എസ്.എസ് നേതൃത്വം തയ്യാറാക്കുമെന്നാണ് സൂചന. ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നേടിയാല്‍ പോലും 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ അത് ബി.ജെ.പിക്ക് വലിയ ആത്മവിശ്വാസം നല്‍കും. നിലവില്‍ നേമത്ത് നിന്നും വിജയിച്ച ഒ. രാജഗോപാല്‍ മാത്രമാണ് ബി.ജെ.പിയുടെ ഏക എം.എല്‍.എ.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഒന്നും ലഭിച്ചില്ലെങ്കിലും പത്തനംതിട്ട, ആറ്റിങ്ങല്‍, തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതായാണ് ബി.ജെ.പി വിലയിരുത്തുന്നത്. ബി.ഡി.ജെ.എസിനെ ഒപ്പം നിര്‍ത്തുമെങ്കിലും സീറ്റുകള്‍ ഒന്നും വിട്ടു നല്‍കേണ്ടതില്ലെന്നതാണ് തീരുമാനം. ബൂത്ത് തിരിച്ച് കമ്മറ്റികള്‍ പുന:സംഘടിപ്പിച്ച് ഉപതെരഞ്ഞെടുപ്പിനെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളാണ് അണിയറയില്‍ നടക്കുന്നത്.

സംഘടനാ തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ പുന:സംഘടിപ്പിക്കുന്നത് ഉപതെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന അഭിപ്രായം ആര്‍.എസ്.എസ് നേതൃത്വവും മുന്നോട്ട് വച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വമാകും അന്തിമ തീരുമാനമെടുക്കുക.

വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ്സിലെ ശശി തരൂരിനേക്കാള്‍ 2,836 വോട്ടിന്റെ കുറവ് മാത്രമാണ് കുമ്മനത്തിനുണ്ടായിരുന്നത്. 50,709 വോട്ടുകള്‍ ഇവിടെ കുമ്മനത്തിന് ലഭിച്ചിട്ടുണ്ട്. ശബരിമല സമരം കത്തി നിന്ന കോന്നിയില്‍ 46,506 വോട്ട് പിടിച്ച് രണ്ടാംസ്ഥാനത്ത് എത്താന്‍ സുരേന്ദ്രനും കഴിഞ്ഞിരുന്നു. വീണാ ജോര്‍ജുമായി 440 വോട്ടിന്റെ വ്യത്യാസമാണ് സുരേന്ദ്രന് കോന്നിയിലുള്ളത്. യു.ഡി.എഫുമായുള്ള വ്യത്യാസം 3,161 വോട്ടാണ്.

മഞ്ചേശ്വരത്ത് ജയിച്ച യു.ഡി.എഫിലെ രാജ് മോഹന്‍ ഉണ്ണിത്താനുമായി 11,113 വോട്ടിന്റെ വ്യത്യാസമുണ്ടെങ്കിലും കാവി പ്രതീക്ഷ വലുതാണ്. രണ്ടാമതെത്തിയ ബി.ജെ.പി ഇവിടെ 57,104 വോട്ട് നേടിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന്‍ 89 വോട്ടിന് മാത്രമാണ് ഇവിടെ പരാജയപ്പെട്ടത്. മഞ്ചേശ്വരത്ത് മുന്‍ എം.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കുമോ എന്നതാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. ഈ മൂന്ന് മണ്ഡലങ്ങളിലും എന്തായാലും ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ നിര്‍ത്താനാണ് ആര്‍.എസ്.എസ് നിര്‍ദ്ദേശം.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറ് സീറ്റില്‍ അരൂര്‍ സീറ്റു മാത്രമാണ് ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റ്. എന്നാല്‍ സിറ്റിംഗ് സീറ്റിനു പുറമേ കോന്നി, പാല, എറണാകുളം സീറ്റുകള്‍ പിടിച്ചെടുക്കാനാണ് ഇടതു നീക്കം. വട്ടിയൂര്‍ക്കാവില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുവാന്‍ ഇപ്പോഴേ സി.പി.എം ശ്രമം തുടങ്ങിയിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഇനി വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കും. 2021ലെ നിയമസഭ ഉപതെരഞ്ഞെടുപ്പിനു മുന്‍പുള്ള റിഹേഴ്‌സലായും വിലയിരുത്തപ്പെടും. അതു കൊണ്ട് തന്നെ വിജയത്തില്‍ കുറഞ്ഞ് മറ്റൊന്നും ഇടതുപക്ഷത്തിനും ചിന്തിക്കാന്‍ കഴിയില്ല. സിറ്റിംഗ് സീറ്റായ അരൂരില്‍ യു.ഡി.എഫാണ് ലോകസഭ തെരഞ്ഞെടുപ്പില്‍ നേരിയ മുന്‍ തൂക്കം നേടിയിരുന്നത്. ഇത് എളുപ്പത്തില്‍ മറികടക്കാം എന്ന ആത്മവിശ്വാസത്തിലാണ് ചെമ്പട.

യു.ഡി.എഫിനാണ് ശരിക്കും ഉപതെരഞ്ഞെടുപ്പ് അഗ്‌നി പരീക്ഷണമാകാന്‍ പോകുന്നത്. ആറില്‍ അഞ്ച് സീറ്റും യു.ഡി.എഫിന്റെ കുത്തക സീറ്റുകളാണ്. മൂന്നെണ്ണം കോണ്‍ഗ്രസ്സിന്റെയും ഒന്നു വീതം ലീഗിന്റെയും കേരള കോണ്‍ഗ്രസ്സിന്റെയുമാണ്. പാലായില്‍ കഴിഞ്ഞ തവണ കഷ്ടിച്ചാണ് കെ.എം മാണി വിജയിച്ചത്. ഇത്തവണ കേരള കോണ്‍ഗ്രസ്സിലെ ഭിന്നതയും പുതിയ ഭീഷണിയാണ്.

മഞ്ചേശ്വരത്ത് അബ്ദുള്ളക്കുട്ടി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായാല്‍ പ്രവചനം അസാധ്യമാകും. തീ പാറുന്ന മത്സരത്തിനാണ് വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങള്‍ വേദിയാവാന്‍ പോകുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ത്രികോണ മത്സരം തന്നെയാണ് ഇവിടെ നടക്കുക.

സംസ്ഥാന ഭരണം തിരിച്ചു പിടിക്കാന്‍ ഉപതെരഞ്ഞെടുപ്പിലെ വിജയം യു.ഡി.എഫിന് നിര്‍ണ്ണായകമാണ്. തുടര്‍ഭരണം ഉറപ്പ് വരുത്താന്‍ മാത്രമല്ല, ശക്തി നഷടമായില്ലെന്ന് തെളിയിക്കാന്‍ ഇടതുപക്ഷത്തിനും വിജയം അനിവാര്യമാണ്. ബി.ജെ.പിക്ക് ലോകസഭ തെരഞ്ഞെടുപ്പില്‍ പറ്റിയ ക്ഷീണം തീര്‍ക്കാനുള്ള ഒന്നാന്തരമൊരു അവസരം കൂടിയാണ് ഈ ഉപതെരഞ്ഞെടുപ്പ്.

Political Reporter

Top