byelection-results-ldf-win-majority-seats

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. 15 വാര്‍ഡുകളില്‍ ഒമ്പതും എല്‍ഡിഎഫിനാണ് ലഭിച്ചത്. രണ്ടിടങ്ങളില്‍ കോണ്‍ഗ്രസും, മൂന്നിടത്ത് ബിജെപിയും മറ്റൊരിടത്ത് കേരള കോണ്‍ഗ്രസുമാണ് വിജയിച്ചത്.

ഒരു സീറ്റ് ബിജെപിയില്‍ നിന്നും മൂന്നെണ്ണം യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. ഒമ്പത് ജില്ലകളിലെ 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കൊല്ലം കോര്‍പ്പറേഷന്‍ വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

തിരുവനന്തപുരം ജില്ലയില്‍ കരകുളം ഗ്രാമപഞ്ചായത്ത് കാച്ചാണി വാര്‍ഡില്‍, എല്‍ഡിഎഫിലെ സി വികാസ്, 585 വോട്ടിനാണ് വിജയിച്ചത്. ബിജെപിയിലെ പി സജികുമാറാണ് രണ്ടാം സ്ഥാനത്ത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഐഎം 219 വോട്ടിന് വിജയിച്ച വാര്‍ഡാണ്. കോഴിക്കോട് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മറിയപ്പുറം വാര്‍ഡില്‍ റംല ചോലയ്ക്കലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി 400 വോട്ടിന് വിജയിച്ചത്. ജയിച്ച സിപിഐ എം സ്ഥാനാര്‍ത്ഥി രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്.

കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ ഗ്രാമപഞ്ചായത്ത് രാജഗിരി വാര്‍ഡില്‍ എല്‍ഡിഎഫിലെ ലാലി തോമസ് വിജയിച്ചു. വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു.കണ്ണൂര്‍ കണ്ണപുരം ഗ്രാമപഞ്ചായത്ത് മൊട്ടമ്മല്‍ വാര്‍ഡില്‍ സിപിഐഎമ്മിലെ യു മോഹനന്‍ വിജയിച്ചു. യുഡിഎഫിലെ കെ വിജയനെയാണ് തോല്‍പ്പിച്ചത്.

കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്ത് തെക്കുംമുറി വാര്‍ഡില്‍ വലിയ ഭൂരിപക്ഷത്തോടെ കേരള കോണ്‍ഗ്രസ് വിജയിച്ചു. കൊല്ലം കോര്‍പ്പറേഷന്‍ തേവള്ളി ഡിവിഷന്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി.ഷൈലജയിലൂടെ ബിജെപിയും നിലനിര്‍ത്തി.

ബിജെപിയിലെ കോകില എസ് കുമാറിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. മരണമടഞ്ഞ കോകിലയുടെ അമ്മയാണ് ബിജെപിക്കായി മത്സരിച്ചത്. ആലപ്പുഴയിലെ കൈനകരി, പുറക്കാട്, തിരുവമ്പാടി എന്നീ പഞ്ചായത്തുകളില്‍ എല്‍ഡിഎഫാണ് വിജയിച്ചത്.

കാസര്‍കോട് മീഞ്ച പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ മജിബയലില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിലെ സിപിഐ സ്ഥാനാര്‍ഥി പി ശാന്താരാമ ഷെട്ടി 133 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത്.

Top