‘ബൈജൂസ് തൊഴിലാളികളെ പിരിച്ചുവിടില്ല’; മുഖ്യമന്ത്രിയുമായി ചർച്ച നടത്തി

തിരുവനന്തപുരം: ബൈജൂസ് കേരളത്തിലെ പ്രവ‍ർത്തനം അവസാനിപ്പിക്കുമെന്നതടക്കമുള്ള അഭ്യൂഹങ്ങൾ നിലനിൽക്കെ തൊഴിലാളികളെ പിരിച്ചുവിടില്ലെന്ന് വ്യക്തമാക്കി കമ്പനി. മുഖ്യമന്ത്രിയുമായി ബൈജുസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ നടത്തിയ ചർച്ചയിലാണ് തീരുമാനം. നേരത്തെ മാറ്റാൻ തീരുമാനിച്ച 140 ജീവനക്കാർക്കും തിരുവനന്തപുരത്ത് തന്നെ തുടരാമെന്നും ബൈജൂസ് വ്യക്തമാക്കി.

സ്ഥാപനത്തിന്റെ ചില പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെ ഡെവലപ്മെന്റ് സെന്ററിലെ ജീവനക്കാർക്ക് ബാംഗളൂരു ഓഫീസിലേക്ക് മാറാൻ നിർദ്ദേശിച്ചതെന്നാണ് ബൈജൂസിന്റെ വിശദീകരണം. മികച്ച പ്രവർത്തനം ഉറപ്പുവരുത്താൻ വേണ്ടി ചില ടീമുകളെ ഒരുമിച്ച് കൊണ്ടുവരാനാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും ബൈജൂസ് വിശദീകരിക്കുന്നു.

എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ബൈജൂസ്‌ സ്ഥാപകൻ ബൈജു രവീന്ദ്രൻ നടത്തിയ ചർച്ചയ്ക്ക് ശേഷം തിരുവനന്തപുരം ഡെവലപ്മെന്റ് സെന്റർ തുടരുമെന്ന് അറിയിക്കുകയായിരുന്നു. 140 ജീവനക്കാർക്കും തിരുവനന്തപുരത്ത് തന്നെ ജോലി തുടരാൻ കഴിയും. കമ്പനിയുടെ ആഗോളതലത്തിലുള്ള പുനഃരൂപീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ ശേഷം വളരെ വൈകിയാണ് തിരുവനന്തപുരത്തെ സെന്ററിന്റെയും ജീവനക്കാരുടെയും പ്രശ്നം തന്റെ ശ്രദ്ധയിൽ വന്നതെന്ന് ബൈജു രവീന്ദ്രൻ മുഖ്യമന്ത്രിയെ അറിയിച്ചു.

‘എന്റെ വേരുകൾ കേരളത്തിലാണ്. ജീവനക്കാരുടെ പ്രശ്നം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു, തിരുവനന്തപുരത്തെ സെന്ററിലൂടെയുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾ യാതൊരു മാറ്റവുമില്ലാതെ തുടരാൻ തീരുമാനമായി. കേരളത്തിൽ നിലവിൽ 11 ഓഫീസുകളിലായി 3000 ജീവനക്കാരാണ് ബൈജൂസിനുള്ളത്. സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളിൽ തുടർന്നും ബൈജൂസിന്റെ മികച്ച സാന്നിധ്യമുണ്ടാകും. ഈ സാമ്പത്തിക വർഷത്തിൽ തന്നെ മൂന്ന് ഓഫീസുകൾ കൂടി കേരളത്തിൽ ആരംഭിക്കും. ഇതോടെ ആകെയുള്ള ഓഫീസുകളുടെ എണ്ണം 14 ആകും. 600 പുതിയ തൊഴിലവസരങ്ങൾ കൂടി ലഭ്യമാകുന്നതോടെ ജീവനക്കാരുടെ എണ്ണം 3600 ആയി ഉയരുമെന്നും ബൈജൂസ് വ്യക്തമാക്കി.

Top