നിയമനം റദ്ദാക്കിയാല്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കി സംരക്ഷിക്കും; ജി.ജയരാജന്റെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: തന്റെ നിയമനം റദ്ദാക്കിയാല്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കി സംരക്ഷിക്കുമെന്ന് ജി.ജയരാജ്. വിവാദമായ നിയമനത്തിന് പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ജയരാജന്റെ അവകാശവാദം. വിരമിച്ച ശേഷവും ജയരാജനെ ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ചത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരിക്കവേയാണ് ശബ്ദരേഖ പുറത്തുവന്നിരിക്കുന്നത്.

ഡയറക്ടറെ നിശ്ചയിക്കാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിക്കു മറുപടി നല്‍കും. പിണറായി വിജയന്‍ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തിരിച്ചു വരുമെന്നും എല്ലാവരും ധൈര്യമായിരിക്കാനും സിഡിറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജയരാജ് പറഞ്ഞു. സിപിഎം സംസ്ഥാന സമിതിയംഗം ടി.എന്‍.സീമയുടെ ഭര്‍ത്താവാണ് ജി.ജയരാജ്.

ടി.എന്‍.സീമയുടെ ഭര്‍ത്താവായതുകൊണ്ടല്ല യോഗ്യതയുള്ളതുകൊണ്ടാണ് താന്‍ സിഡിറ്റ് ഡയറക്ടറായതെന്നും ജയരാജ് അവകാശപ്പെട്ടു. രാഷ്ട്രീയമായ പുകമറ സൃഷ്ടിക്കാനാണു ശ്രമം. സിഡിറ്റിനുള്ള പദ്ധതികള്‍ പുറം കരാര്‍ കൊടുത്തു എന്ന കാടടച്ചുള്ള വെടി കേട്ടു ഭയന്നുപോകില്ല. മുഖ്യമന്ത്രിക്ക് സിഡിറ്റിനു മാത്രമായി പിന്തുണ നല്‍കാനാവില്ല. ചില കരാറുകള്‍ ഊരാളുങ്കലിനും കെല്‍ട്രോണിനും നല്‍കാനാണു മുഖ്യമന്ത്രി തീരുമാനിച്ചതെന്നും ജയരാജ് പ്രസംഗത്തില്‍ വെളിപ്പെടുത്തി.

Top