‘കുടിശ്ശിക നല്‍കിയില്ലെങ്കില്‍ സേവനം നിര്‍ത്തും’; മോട്ടോര്‍ വാഹന വകുപ്പിന് സി-ഡിറ്റിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കുടിശിക പണം നല്‍കിയില്ലെങ്കില്‍ സേവനം നിര്‍ത്തിവയ്ക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന് സി-ഡിറ്റിന്റെ മുന്നറിയിപ്പ്. 6.58 കോടി രൂപയാണ് സി-ഡെറ്റിന് വകുപ്പ് നല്‍കാനുള്ളത്. ഫെബ്രുവരി അവസാനത്തോടെ കുടിശ്ശിക നല്‍കണമെന്നും അല്ലെങ്കില്‍ സര്‍വീസ് അവസാനിപ്പിക്കുമെന്നും സി-ഡിറ്റ് മുന്നറിയിപ്പ് നല്‍കി.

2010 മുതല്‍ നടപ്പിലാക്കിവരുന്ന ഫെസിലിറ്റി മാനേജ്‌മെന്റ് പ്രോജക്ടിന്റെ കരാര്‍ കാലാവധി പലതവണ ദീര്‍ഘിപ്പിച്ചിട്ടുണ്ടെങ്കിലും കരാര്‍ പ്രകാരമുള്ള തുക ഇതുവരെ കൈമാറിയിട്ടില്ല. വിവിധ മേഖലകളില്‍ ചെലവ് പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചിട്ടും പഴയ ഉടമ്പടി പ്രകാരമാണ് പ്രോജക്ട് നടന്നുവരുന്നത്. വകുപ്പില്‍ നിന്ന് എഫ്എംഎസ് പ്രോജക്ട് നടത്തിപ്പിന്റെ ഭാഗമായി 2023 ജനുവരി മാസം വരെയുള്ള തുക മാത്രമാണ് ഇതുവരെ ലഭ്യമായിട്ടുള്ളതെന്നും സി-ഡിറ്റ് കത്തില്‍ പറയുന്നു.

സി-ഡിറ്റിന്റെ മറ്റു പ്രോജക്ടുകളില്‍ നിന്നുള്ള സഞ്ചിത വരുമാനം വകമാറ്റിയാണ് സേവനം നല്‍കുന്നത്. എന്നാല്‍ ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ജീവനക്കാരുടെ ശമ്പളം നല്‍കുന്നതുപോലും പ്രതിസന്ധിയിലാണ്. കുടിശികത്തുക ലഭ്യമാക്കാത്ത സാഹചര്യത്തില്‍ സര്‍വീസ് നല്‍കുന്നത് തുടരാന്‍ കഴിയില്ല. ഫെബ്രുവരി അവസാനത്തോടെ കുടിശ്ശികത്തുക നല്‍കിയില്ലെങ്കില്‍ മാര്‍ച്ച് ഒന്ന് മുതല്‍ തുക ലഭ്യമാകുന്നതുവരെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും സി-ഡിറ്റ്.

കംപ്യുട്ടര്‍ സര്‍വീസ് മുതല്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകള്‍ക്കുള്ള നിരവധി കാര്യങ്ങള്‍ സി-ഡിറ്റ് ആണ് നല്‍കുന്നത്. സി-ഡിറ്റ് സേവനം നിര്‍ത്തിയാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലെ പ്രവര്‍ത്തനം തടസ്സപ്പെടുമെന്ന ആശങ്കയില്‍ ഉദ്യോഗസ്ഥര്‍.

Top