സി.ദിവാകരനെ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ഇടതുപക്ഷത്ത് ഭിന്നത. സി.പി.എം പ്രവര്‍ത്തകരിലും നേതാക്കളിലുമാണ് അമര്‍ഷം പുകയുന്നത്. തെറ്റായ സന്ദേശമാണ് സി.പി.ഐ നല്‍കുന്നതെന്നാണ് പൊതുവികാരം. ഒരു എം.എല്‍.എയെ സ്ഥാനാര്‍ത്ഥിയാക്കുക എന്നതിനേക്കാള്‍ പേയ്മന്റ് സീറ്റ് വിവാദത്തില്‍ നടപടി നേരിട്ടയാള്‍ക്ക് സീറ്റ് നല്‍കിയതാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. ബന്നറ്റ് എബ്രഹാം തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായതില്‍ ആക്ഷേപം നേരിടുന്ന നേതാവാണ് സി.ദിവാകരന്‍. പേയ്മന്റ് വാങ്ങിയാണ് സീറ്റ് നല്‍കിയതെന്ന ആക്ഷേപത്തില്‍ സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവീല്‍ നിന്നും സംസ്ഥാന സമിതിയിലേക്ക് പിന്നീട് ഇദ്ദേഹത്തെ തരം താഴ്ത്തുന്ന സാഹചര്യവുമുണ്ടായി. ഇതേ മണ്ഡലത്തില്‍ വീണ്ടും ദിവാകരനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് പ്രതിപക്ഷത്തിന് അടിക്കാന്‍ വടി കൊടുത്തതിന് തുല്യമാണെന്ന അഭിപ്രായമാണ് സി.പി.എം പ്രവര്‍ത്തകര്‍ക്കിടയില്‍ ഉള്ളത്.
എം.എല്‍.എമാരുടെ എണ്ണത്തിലും സംഘടനാ ശക്തിയിലും സി.പി.എമ്മിനാണ് ഇവിടെ മുന്‍തൂക്കം. എന്നാല്‍ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഇല്ല എന്നത് സി.പി.എം അണികളെ നിരാശപ്പെടുത്തുന്ന കാര്യമാണ്. സി.പി.ഐയില്‍ നിന്നും തിരുവനന്തപുരം മണ്ഡലം ഏറ്റെടുക്കണമെന്ന താല്‍പ്പര്യം സി.പി.എം അണികള്‍ക്കും ജില്ലാ നേതാക്കള്‍ക്കും ഉണ്ടായിരുന്നു.
മത്സരിക്കാന്‍ സി.പി.ഐയും പ്രവര്‍ത്തിക്കാനും വോട്ട് സമാഹരിക്കാനും സി.പി.എം പ്രവര്‍ത്തകരും എന്നതാണ് ഇവിടുത്തെ അവസ്ഥ. സി.പി.എം ഘടകകക്ഷികള്‍ മത്സരിക്കുന്ന എല്ലാ മണ്ഡലത്തിലെയും അവസ്ഥ ഇതു തന്നെയാണ്. രാജ്യം ഉറ്റുനോക്കുന്ന വാശിയേറിയ ഒരു തിരഞ്ഞെടുപ്പാണ് തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ലോകസഭയിലേക്ക് ഒരു സ്ഥാനാര്‍ത്ഥിയെയും വിജയിപ്പിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചയാണ് കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെടാന്‍ കാരണം. ആ പിഴവ് ഇപ്പോള്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. അഭിമാന പോരാട്ടം നടക്കുന്ന ഒരു മണ്ഡലത്തില്‍ ഏറ്റവും മികച്ച ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി നിര്‍ത്തുന്നതില്‍ സി.പി.ഐ നേതൃത്വം ദയനീയമായാണ് പരാജയപ്പെട്ടിരിക്കുന്നത്.
ബി.ജെ.പി ഇത്തവണ താമര വിരിയിക്കുമെന്ന് അവകാശപ്പെടുന്ന മണ്ഡലത്തില്‍ ജാഗ്രതയോടെയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമല്ല സി.പി.ഐ നടത്തിയതെന്ന അഭിപ്രായം സി.പി.എം നേതൃത്വത്തിന് ഉണ്ട്. മുന്നണി ധാരണ അനുസരിച്ച് തിരുവനന്തപുരത്ത് ആരെ മത്സരിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് സി.പി.ഐ തന്നെയാണെങ്കിലും ജാഗ്രത കാണിക്കണമായിരുന്നു എന്നതാണ് നേതൃത്വത്തിന്റെ അഭിപ്രായം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ശശി തരൂര്‍ തന്നെയാണ് വീണ്ടും ജനവിധി തേടുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ബി.ജെ.പിയില്‍ കാല്‍ ഡസന്‍ ആളുകള്‍ ഇപ്പോള്‍ തന്നെ പരിഗണനയില്‍ ഉണ്ടെങ്കിലും അവസാന നിമിഷം അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിക്കും സാധ്യതയുണ്ട്. ദിവാകരന്റെ സ്ഥാനാര്‍ത്ഥിത്വം ഏറ്റവും കൂടുതല്‍ ആഹ്ലാദത്തിലാക്കിയത് ബി.ജെ.പിയെയാണ്. ഇടതുപക്ഷം മൂന്നാം സ്ഥാനം ഉറപ്പിച്ചതായാണ് അവരുടെ കണക്ക് കൂട്ടല്‍.
കോണ്‍ഗ്രസ്സുമായി നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുന്ന അവസ്ഥയിലേക്ക് തുടക്കം മുതല്‍ കാര്യങ്ങള്‍ എത്തിയത് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. 2014ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ 297,806 വോട്ട് നേടിയാണ് ശശി തരൂര്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പിയിലെ ഒ. രാജഗോപാലിന് 282,336 .വോട്ട് ലഭിച്ചു. ഇടതു സ്ഥാനാര്‍ത്ഥി സി.പി.ഐയിലെ ബെന്നറ്റ് എബ്രഹാമിന് 248,941 വോട്ടാണ് ലഭിച്ചിരുന്നത്. ഇതിനു ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍പ്പെട്ട നേമത്ത് അട്ടിമറി വിജയം നേടാന്‍ കഴിഞ്ഞത് ബി.ജെ.പിയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. സുനന്ദ പുഷ്‌ക്കറിന്റെ മരണം വീണ്ടും വിവാദമാക്കി ശശി തരൂരിനെ പ്രതിരോധത്തിലാക്കാനും അണിയറയില്‍ നീക്കമുണ്ട്.ബി.ജെ.പി കേന്ദ്ര നേതൃത്വം കേരളത്തില്‍ ഏറ്റവും വിജയ സാധ്യത പുലര്‍ത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം. ഇവിടെ വിജയിച്ചാല്‍ കേരളം പിടിച്ച പ്രതീതി ഉണ്ടാകുമെന്ന കണക്ക് കൂട്ടലിലാണ് നേതൃത്വം.