പ്രണബ് മുഖര്‍ജിയെയും സി എഫ് തോമസിനെയും അനുസ്മരിച്ച് നിയമസഭ

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും സി.എഫ് തോമസിനും ചരമോപചാരം അര്‍പ്പിച്ച് നിയമസഭ പിരിഞ്ഞു. ബജറ്റ് സമ്മേളനത്തിനിടെയാണ് സഭയില്‍ അനുശോചന യോഗം ചേര്‍ന്നത്. പ്രതിസന്ധികളില്‍ രാഷ്ട്രീയത്തിന് അതീതമായ ഭരണമികവും നിലപാടുകളും ആയിരുന്നു പ്രണബ് മുഖര്‍ജിയുടെ മുഖമുദ്രയെന്ന് സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന്‍ അനുസ്മരിച്ചു. പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതിലെ അസാധാരണ പാടവം പ്രണബ് മുഖര്‍ജിയെ വളര്‍ച്ചയുടെ പടവുകളിലെത്തിച്ചു. എഴുത്തുകാരവും ജ്ഞാനിയും ഭരണാധികാരിയും എല്ലാമായിരുന്നു. പകരം വയ്ക്കാനാകാത്ത അതുല്യനായ നേതാവിനെയാണ് നഷ്ടമായതെന്നും സ്പീക്കര്‍ അനുശോചിച്ചു.

നാല് പതിറ്റാണ്ട് നിയമസഭയുടെ സജീവ സാന്നിധ്യമായിരുന്നു സിഎഫ് തോമസ് എന്നും സ്പീക്കര്‍ അനുസ്മരിച്ചു. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവാണ് പ്രണബ് മുഖര്‍ജി എന്ന് അനുശോചന പ്രസംഗത്തില്‍ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ഷക ജനതയുടെ ശബ്ദമായിരുന്നു സി എഫ് തോമസ് എന്നും അനുസ്മരിച്ചു. സംശുദ്ധ രാഷ്ട്രീയ നേതാവായിരുന്നു സി എഫ് തോമസെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എക്കാലവും യു ഡി എഫിനൊപ്പം നിന്ന നേതാവായ സി എഫ്, പ്രലോഭനങ്ങളില്‍ വീണില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top