ചേര്‍ത്തല: ആദിവാസി ഗോത്ര മഹാസഭ നേതാവ് സി.കെ ജാനുവും രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നു. ‘ജനാധിപത്യ രാഷ്ടട്രീയ സഭ’ എന്ന പാര്‍ട്ടിയാണ് രൂപീകരിക്കുന്നതെന്ന് ജാനു മാധ്യമങ്ങളെ അറിയിച്ചു. എന്‍.ഡി.എയുമായി സഹകരിച്ചാണ് മത്സരിക്കുക. എന്നാല്‍ ബി.ജെ.പിയുടേയോ ബി.ഡി.െജ.എസിന്റെയോ ഭാഗമാകില്ല. സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിക്കുന്ന കാര്യം തീരുമാനമായിട്ടില്ല. മത്സരിക്കുകയാണെങ്കില്‍ അത് സുല്‍ത്താന്‍ ബത്തേരിയിലാകുമെന്നും ജാനു വ്യക്തമാക്കി.
എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ജാനു കണിച്ചുളങ്ങരയിലെ വസതിയില്‍ രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേതുടര്‍ന്ന് ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയായി ജാനു സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.
ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എന്‍.ഡി.എയില്‍ ഗോത്രമഹാസഭയെ ഘടകകക്ഷിയായി അംഗീകരിച്ചാല്‍ മുന്നണി സ്ഥാനാര്‍ഥിയായി സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിക്കുമെന്ന് സി.കെ. ജാനു കഴിഞ്ഞദിവസം വ്യക്തമാക്കിയിരിക്കുന്നു. തനിക്ക് പാര്‍ലമെന്ററി വ്യാമോഹമില്ല. ഗോത്ര സമുദായത്തിന്റെ സ്വന്തമായ അസ്തിത്വം അംഗീകരിക്കാന്‍ എന്‍.ഡി.എ തയാറാവുമ്പോള്‍ മാത്രമാണ് അവരുമായി സഹകരിക്കുക. തന്നെ പിന്തുണച്ചാലും ബി.ജെ.പിയും സഖ്യകക്ഷികളും മത്സരിക്കുന്ന മറ്റിടങ്ങളില്‍ ഗോത്രസമുദായത്തിന്റെ കണ്ണടച്ചുള്ള പിന്തുണ ഉറപ്പുപറയാനാവില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
ബി.ജെ.പി സവര്‍ണ ഫാഷിസ്റ്റ് പാര്‍ട്ടിയാണെന്നത് നിഷേധിക്കുന്നില്ല. എന്നാല്‍, ആദിവാസി സമൂഹത്തോട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും സവര്‍ണ ഫാഷിസ്റ്റ് സമീപനം തന്നെയാണ് സ്വീകരിക്കുന്നത്. സമുദായ മേലധ്യക്ഷന്മാരുടെ കൈമുത്താന്‍ ഓടിനടക്കുന്ന ഇടതുവലത് മുതലാളിമാര്‍ ബി.ജെ.പിയില്‍ മാത്രം വര്‍ഗീയത ആരോപിക്കുന്നതില്‍ എന്തര്‍ത്ഥം? പട്ടികവര്‍ഗ വികസന വകുപ്പ് ആദിവാസി ഭരിച്ചിട്ടും മാറ്റമില്ലാതെ തുടരുന്നത് സവര്‍ണന്മാരുടെ അജണ്ടകള്‍ മാത്രം നടപ്പാക്കുന്ന ഉപകരണം മാത്രമായി അവര്‍ മാറിയതുകൊണ്ടാണ്. ഈ പശ്ചാത്തലത്തിലാണ് തങ്ങളെ അംഗീകരിക്കുന്നവരുടെ പിന്തുണ വേണ്ടെന്ന് പറയാന്‍ തയാറാവാത്തതെന്നും സി.കെ ജാനു പറഞ്ഞിരുന്നു.