കല്‍പ്പറ്റ: ആദിവാസി നേതാവ് സി.കെ.ജാനു എന്‍ഡിഎ വിടാന്‍ ഒരുങ്ങുന്നു. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ സഭയാണ് എന്‍ഡിഎയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. മുത്തങ്ങ വാര്‍ഷിക ദിനമായ ഫെബ്രുവരി 19ന് ജാനു നിലപാട് പ്രഖ്യാപിക്കുമെന്നാണ് സൂചന.
കേന്ദ്ര സര്‍ക്കാര്‍ ബോര്‍ഡുകളിലോ കോര്‍പറേഷനുകളിലോ ദേശീയ പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷനിലോ അംഗത്വം നല്‍കുമെന്ന വാഗ്ദാനം ഇത്രയും കാലമായിട്ടും എന്‍ഡിഎ പാലിച്ചില്ലെന്ന് ജാനു കുറ്റപ്പെടുത്തി. യുഡിഎഫും എല്‍ഡിഎഫും ആദിവാസി വിഭാഗത്തോട് ചെയ്ത അനീതിയാണ് എന്‍ഡിഎയും തുടരുന്നതെന്നും ജാനു കുറ്റപ്പെടുത്തി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥനാര്‍ഥിയായിരുന്നു ജാനു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നപക്ഷം ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ അംഗത്വമാണ് ബിജെപി നേതാക്കള്‍ ജാനുവിന് വാഗ്ദാനം ചെയ്തത്. മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തായ ജാനുവിന് എന്‍ഡിഎ നേതൃത്വം നല്‍കിയ വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഇതാണ് എന്‍ഡിഎ വിടാനുള്ള കടുത്ത തീരുമാനമെടുക്കാന്‍ ജാനുവിനെ പ്രേരിപ്പിച്ചത്.