c.k padmanabhan-against-a.n-radhakrishnan

തിരുവനന്തപുരം: ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാടുകള്‍ക്ക് വിരുദ്ധമായ അഭിപ്രായവുമായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സി.കെ പത്മനാഭന്‍ രംഗത്ത്.

എം.ടി ഹിമാലയ തുല്യനും കമല്‍ രാജ്യസ്‌നേഹിയുമാണെന്ന് പത്മനാഭന്‍ പറഞ്ഞു. രാജ്യം വിട്ട് പോകാന്‍ പറയാന്‍ ആര്‍ക്കാണ് അധികാരമെന്നും രാധാകൃഷ്ണന്റെ പ്രസ്താവന പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കമലിന്റെ രാജ്യസ്‌നേഹത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ല. കമല്‍ പാകിസ്താനിലേക്ക് പോകണമെന്നത് എ.എന്‍ രാധാകൃഷ്ണന്റെ വ്യക്തിപരമായ അഭിപ്രായമാണ്. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ ദേശസ്‌നേഹത്തില്‍ അധിഷ്ഠിതമാണ്. അതിനാല്‍ അദ്ദേഹത്തിന്റെ ദേശസ്‌നേഹം ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

നോട്ട് അസാധു സംബന്ധിച്ച് അഭിപ്രായം പറഞ്ഞ എം.ടിയെ കല്ലെറിയുന്നവര്‍ സംതൃപ്തി നേടട്ടെയന്നും പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.

ചെഗുവേരയെ അറിയാത്തവര്‍ ബൊളീവിയന്‍ ഡയറി വായിക്കണം, അദ്ദേഹത്തെ മാതൃകയാക്കണമെന്നാണ് ഇന്നത്തെ യുവത്വത്തോട് തനിക്ക് പറയാനുള്ളതെന്നും പത്മനാഭന്‍ വ്യക്തമാക്കി. താന്‍ സി.പി.എമ്മില്‍ ചേരുമെന്നത് വെറും കെട്ടുകഥയാണെന്നും പത്മനാഭന്‍ പറഞ്ഞു.

Top