കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പ്പറ്റയില്‍ മത്സരിക്കാനാണിപ്പോള്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. എന്ത് കണ്ടിട്ടാണ് അദ്ദേഹത്തിന്റെ ഈ സാഹസിക തീരുമാനമെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളും നിലവില്‍ ചര്‍ച്ച ചെയ്യുന്നത്. സിറ്റിംഗ് എം.എല്‍.എ സി.കെ ശശീന്ദ്രന്‍ തന്നെ വീണ്ടും മത്സരിച്ചാല്‍ അത് മുല്ലപ്പള്ളിയുടെ പ്രതീക്ഷകള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുക. സംസ്ഥാനത്തെ ഏറ്റവും ജനകീയനായ എം.എല്‍.എ ആരാണ് എന്ന് ചോദിച്ചാല്‍ അതിന് രാഷ്ട്രീയ കക്ഷി ഭേദമന്യേ ലഭിക്കുന്ന മറുപടിയാണ് സി.കെ ശശീന്ദ്രന്‍.
വീരേന്ദ്രകുമാറിന്റെ എല്‍.ജെ.ഡി യു.ഡി.എഫില്‍ ഉണ്ടായിരുന്നപ്പോഴാണ് ഈ മണ്ഡലത്തില്‍ സി.കെ അട്ടിമറി വിജയം നേടിയിരുന്നത്. 13,083 വോട്ടുകള്‍ക്കായിരുന്നു വിജയം. ഇപ്പോള്‍ എല്‍.ജെ.ഡി കൂടി ഇടതു മുന്നണിയിലുള്ളപ്പോള്‍ ചുവപ്പിന്റെ കരുത്ത് കൂടുകയാണ് ചെയ്തിരിക്കുന്നത്. പരമ്പരാഗതമായി യു.ഡി.എഫ് മണ്ഡലമായ കല്‍പ്പറ്റയില്‍ ആകെ മൂന്ന് തവണ മാത്രമാണ് ഇടതുപക്ഷം വിജയിച്ചിരിക്കുന്നത്.ഈ പഴയ കണക്ക് മുന്‍ നിര്‍ത്തിയാണ് സുരക്ഷിതമണ്ഡലമാണെന്ന് മുല്ലപ്പള്ളിയും കരുതുന്നത്. എന്നാല്‍, ശശീന്ദ്രന്‍ വന്നതോടെ മണ്ഡലത്തിലെ ചിത്രവും മാറിയതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
സി.കെ.ശശീന്ദ്രന്‍ കേവലം ഒരു കുറിയ മനുഷ്യനല്ല സംശുദ്ധരാഷ്ട്രീയത്തിന്റെ ആകാശപ്പൊക്കമാണ്. മണ്ണ് അറിയുന്ന, മണ്ണിനെ അറിയുന്ന, സാധാരണക്കാരന്റെ പ്രതിനിധിയാണദ്ദേഹം. നഗ്‌നപാദനായി നിലത്ത് കാലുറപ്പിച്ച് നടക്കുന്ന, പശുവിനെ കറന്ന് പാല്‍ അളന്ന് ജീവിക്കുന്ന എം.എല്‍.എയാണദ്ദേഹം. സാധാരണക്കാരന്‍ എന്ന ഇമേജ് തന്നെയാണ് കല്പറ്റയിലെ ജനങ്ങളുടെ മനസ്സില്‍ ശശീന്ദ്രന് ഇപ്പോഴുമുള്ളത്. അദ്ദേഹത്തിന്റെ ഈ ഇമേജില്‍ തന്നെയാണ് ചെങ്കൊടിയും പ്രതീക്ഷയര്‍പ്പിക്കുന്നത്. ടെക്‌നോളജിയുടെയും ‘സമ്പന്നതയുടെയും’ പുതിയ കാലത്തും കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സാധാരണക്കാരില്‍ ഒരാളായി ജീവിക്കുന്ന നേതാവാണ് സി.കെ ശശീന്ദ്രന്‍. സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായ സി.കെ, മണ്ണിനും തനിക്കുമിടയില്‍ ഒരു ചെരുപ്പിന്റെ അകലം പോലും വേണ്ടന്ന് വച്ചത് ആത്മാര്‍ത്ഥതയോടെയാണ്.
പണത്തിനും ‘പവറിനും’ മീതെ ശശീന്ദ്രനും പറക്കും എന്ന് തെളിയിച്ച ജനവിധിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കല്‍പ്പറ്റയില്‍ ഉണ്ടായിരുന്നത്.ആ ചരിത്രം വീണ്ടും ആവര്‍ത്തിച്ചാല്‍ സി.കെ ശശീന്ദ്രന്‍ തന്നെയാകും വീണ്ടും വിജയിക്കുക. ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും സമര നായകനാണ്, ഈ കമ്മ്യൂണിസ്റ്റ്. അതിരാവിലെ എഴുന്നേറ്റ് പശുക്കളെ കറന്ന്, പാല്‍പാത്രവുമായി കല്‍പ്പറ്റയിലെ നഗര വീഥികളിലൂടെ നഗ്‌നപാദനായി ഒരു എം.എല്‍.എ നടക്കുന്നത് അത്ഭുത കാഴ്ച തന്നെയാണ്. പശുക്കളെ കുളിപ്പിക്കുന്നതും പച്ചക്കറി നട്ട് നനക്കുന്നതുമെല്ലാം ഈ കമ്യൂണിസ്റ്റിന്റെ ദിനചര്യകളില്‍ ഉള്‍പ്പെടുന്നവയാണ്. എം.എല്‍.എയുടെ ഇഷ്ട വാഹനമാകട്ടെ സൈക്കിളുമാണ്. പ്രത്യയ ശാസ്ത്രവും ജീവിതവും രണ്ടല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച ശശീന്ദ്രന് മുന്നില്‍ ആവശ്യങ്ങള്‍ക്കായി എത്തുന്ന ഏതൊരാള്‍ക്കും, തങ്ങളില്‍ ഒരുവനായി മാത്രമേ അദ്ദേഹത്തെ കാണാന്‍ പറ്റൂകയുള്ളു.
സഹജീവിയുടെ വേദനകള്‍ സ്വന്തം ഹൃദയത്തിലേറ്റ് വാങ്ങുന്ന ശശീന്ദ്രന്‍, അഴിമതിക്കാരെ സംബന്ധിച്ച് കണ്ണിലെ കരടാണ്. പൊതുവെ സൗമ്യനാണെങ്കിലും,സമരമുഖങ്ങളില്‍ കത്തുന്ന പ്രക്ഷോഭകാരിയെയാണ് ഈ കമ്യുണിസ്റ്റില്‍ ദര്‍ശിക്കാന്‍ കഴിയുക. ഭൂമാഫിയയുടെ ഉറക്കം കെടുത്തിയ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് ആദിവാസികളെ മണ്ണിന്റെ ഉടമകളാക്കി മാറ്റിയതിലും ശശീന്ദ്രന് വലിയ പങ്കാണുള്ളത്. ഇതിന്റെ ഭാഗമായി നിരവധി തവണ ക്രൂരമായ മര്‍ദ്ദനവും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.
അനവധി തവണയാണ് ജയിലിലടക്കപ്പെട്ടിരുന്നത്. എന്നാല്‍, ഇതൊന്നും തന്നെ സി.കെയുടെ പോരാട്ട വീര്യത്തെ തളര്‍ത്തിയിരുന്നില്ല. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ എസ്.എഫ്.ഐക്കാരനായാണ് ശശീന്ദ്രന്റെ തുടക്കം. പിന്നീട് ബത്തേരി സെന്റ് മേരീസ് കോളജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. തീഷ്ണമായ ജീവിതാനുഭവങ്ങളും പ്രവര്‍ത്തന പാരമ്പര്യവുമുള്ള ഈ കമ്യൂണിസ്റ്റിനെ നേരിടാന്‍ തന്നെയാണ് മുല്ലപ്പള്ളിയുടെ തീരുമാനമെങ്കില്‍, അത് ചരിത്രപരമായ മണ്ടത്തരമായി മാറാനും സാധ്യത ഏറെയാണ്.