സി.ഒ.ടി നസീറിനെതിരെ നടന്ന വധശ്രമം: സ്വന്തം നിലയ്ക്ക് അന്വേഷിക്കാനൊരുങ്ങി സിപിഎം

തലശ്ശേരി: സി.ഒ.ടി നസീറിനെതിരെ നടന്ന വധശ്രമം സിപിഎം സ്വന്തം നിലയ്ക്ക് അന്വേഷിക്കാനൊരുങ്ങുന്നു. തനിക്കെതിരെ ആക്രമണം നടത്താന്‍ തലശ്ശേരി എംഎല്‍എ എ.എന്‍ ഷംസീര്‍ ഗൂഢാലോചന നടത്തിയെന്ന് നസീര്‍ മൊഴി നല്‍കിയിരുന്നു. ഇതില്‍ സത്യാവസ്ഥയുണ്ടോ എന്നാണ് പാര്‍ട്ടി അന്വേഷിക്കുന്നത്.

നസീറിനെ സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. തനിക്കെതിരായ വധശ്രമത്തില്‍ ജയരാജന് പങ്കില്ലെന്നും നസീര്‍ പ്രതികരിച്ചിരുന്നു.നസീറിനെതിരായ ആക്രമണം അന്വേഷിക്കണമെന്ന് പി. ജയരാജന്‍ സംസ്ഥാന സമിതിയോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

സംസ്ഥാന സമിതിയുടെ നിര്‍ദേശപ്രകാരം അന്വേഷണ സമിതി അംഗങ്ങളായ ടി.വി രാജേഷ് എംഎല്‍എയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹരീന്ദ്രനുമാണ് തെളിവെടുപ്പ് നടത്തിയത്.ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ 20 ഓളം പേരില്‍ നിന്ന് സമിതി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സി.ഒ.ടി നസീര്‍ ആരോപിക്കുന്നത് പോലെ ഷംസീറിന് ഇതുമായി ബന്ധമുണ്ടോ എന്ന് ഇവരോട് ചോദിച്ചുവെന്നാണ് അറിയുന്നത്.

കഴിഞ്ഞ മാസം 19ന് രാത്രിയാണ് നസീറിന് നേരെ ആക്രമണമുണ്ടായത്.

Top