തിരുവനന്തപുരം: കെ.എം.മാണിയെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. മാണി യു.ഡി.എഫില്‍ നിന്ന് പോകുന്നെങ്കില്‍ പോകട്ടെയെന്നും അങ്ങനെ പോയാല്‍ ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷ് പറഞ്ഞു.
ഇത്തരത്തില്‍ തരം താണ രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് വഴങ്ങാതിരിക്കുവാനുള്ള ഇച്ഛാശക്തിയും ആര്‍ജ്ജവവും കോണ്‍ഗ്രസ് നേതൃത്വം കാണിക്കണമെന്നും മഹേഷ് ഫേസ്ബുക്കിലൂടെ പറഞ്ഞു.
അധികാരത്തോടുള്ള ആര്‍ത്തിയും കോഴക്കേസുകളിലെ അന്വേഷണങ്ങളില്‍ നിന്നും രക്ഷനേടാനുള്ള കപട തന്ത്രവുമാണ് മാണിയുടെ ഇപ്പോഴത്തെ കാട്ടികൂട്ടലുകള്‍ക്ക് പിന്നില്‍. പ്രതിസന്ധിയില്‍ കൂടെ നില്‍ക്കാത്തവരെ ആര്‍ക്കാണ് ആവശ്യം.
പ്രതിപക്ഷ നേതാവും, ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റും ഒക്കെ ഫോണില്‍ വിളിച്ചിട്ടും നിഷേധാത്മകമായ നിലപാട് കാണിക്കുന്ന വ്യക്തിയോട് ഇനിയും സന്ധി ചെയ്യേണ്ട ആവശ്യമില്ല.
നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ഉണ്ടാക്കി അവിടെ ഇരിക്കുമെന്നു കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതില്‍ നിന്നും വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യം നോക്കിയുള്ള അടവ് നയമാണ് അവരുടെ ഉള്ളിലെന്ന് മനസിലാക്കാം. പ്രത്യേക ബ്ലോക്കായി ഇരിക്കും എന്ന് പറയുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം.
നിങ്ങള്‍ക്ക് കിട്ടിയ എം.എല്‍.എ സ്ഥാനം നിങ്ങളുടെ അദ്ധ്വാനം കൊണ്ടു മാത്രം കിട്ടിയതല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ചോര നീരാക്കി, ഊണും ഉറക്കവും ഇല്ലാതെ കഷ്ടപ്പെട്ടത്തിന്റെ ഫലം കൂടിയാണ്.
യു.ഡി.എഫില്‍ കൂടി ജയിച്ചു വന്നവര്‍ ധാര്‍മികത ഉണ്ടെങ്കില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ തുനിയാതെ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുകയാണ് വേണ്ടത്.
യു.ഡി.എഫ് വിടാനുള്ള കെ.എം.മാണിയുടെ തീരുമാനം ചാപിള്ളയാവും എന്നുറപ്പാണ്. അങ്ങനെ വരുമ്പോള്‍ വീണ്ടും യു.ഡി.എഫിലേക്ക് തന്നെ മടങ്ങി വരാനും മാണി ശ്രമം നടത്തും, അപ്പോള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചാല്‍ അത് കോണ്‍ഗ്രസിലെ സാധാരണ പ്രവര്‍ത്തകര്‍ക്ക് യാതൊരു കാരണവശാലും ഉള്‍കൊള്ളാന്‍ കഴിയില്ല എന്നത് നേതൃത്വം മനസിലാക്കണം.
മാണി യു.ഡി.എഫ് വിട്ടാലും ഈ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയേക്കാള്‍ വലുതായി ഒന്നും സംഭവിക്കാന്‍ ഇല്ലെന്നും മഹേഷ് പറഞ്ഞു.