തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായി. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി രാജേന്ദ്രനെ നിയമിച്ചത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. പാലക്കാടുള്ള രാജേഷ് എം മേനോന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. മധുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിയമനം.
കേസ് ഈ മാസം 18 ന് ഒറ്റപ്പാലം എസ് സി/ എസ് ടി കോടതി പരിഗണിക്കും. നാലുവര്‍ഷമായിട്ടും മധുകേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാവാത്തതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ഹൈക്കോടതി ഇടപെട്ടാണ് കേസ് പരിഗണിക്കുന്നത് നേരത്തെയാക്കിയത്.
രണ്ട് കൊല്ലം മുമ്പ് സര്‍ക്കാര്‍ ചുമതലയേല്‍പ്പിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ വി ടി രഘുനാഥ് ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി ഒഴിയാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് മധു കൊലക്കേസ് വിചാരണ പ്രതിസന്ധിയിലായത്. മധു കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി ആരാഞ്ഞപ്പോഴാണ് വിവരം മാധ്യമങ്ങളിലടക്കം ചര്‍ച്ചയായത്. മണ്ണാര്‍ക്കാട് കോടതിയില്‍ മധുവിന് വേണ്ടി ആരും ഹാജരാകാതിരുന്നതോടെയാണ് കോടതിക്ക് ചോദ്യം ഉന്നയിച്ചത്. കേസിലെ രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു രഘുനാഥ്.