ഉത്തരക്കടലാസ് തിരുത്തിയ സംഭവം; കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

കോഴിക്കോട്: ഉത്തരക്കടലാസ് അധ്യാപകന്‍ തിരുത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. അന്വേഷണം ഫലപ്രദമായില്ലെങ്കില്‍ കേസ് പൊലീസിന് കൈമാറുമെന്നും മന്ത്രി പറഞ്ഞു.

നീലേശ്വരം സ്‌കൂളില്‍ നടന്ന സംഭവത്തില്‍ ഒരു അധ്യാപകന്‍ മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് നിഗമനം. വിജയശതമാനം കൂട്ടുന്നതിന് ഒരു സമ്മര്‍ദ്ദവും സ്‌കൂളുകള്‍ക്ക് മേലിലില്ലെന്നും അധ്യാപകന്‍ ഇങ്ങനെ ചെയ്തത് എന്തിനാണെന്ന് വ്യക്തമായിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു.

അതേസമയം, സംഭവത്തില്‍ അധ്യാപകന്‍ ഉന്നയിച്ച വാദങ്ങള്‍ പൊളിയുകയാണ്. പഠനവൈകല്യമുള്ള കുട്ടികളെ സഹായിച്ചതാണെന്ന അധ്യാപകന്റെ വാദം വിദ്യാര്‍ത്ഥിയും തള്ളി. പഠന വൈകല്യം ഉള്ളത് കൊണ്ട് സഹായിച്ചു എന്ന വാദം തെറ്റാണെന്നും തനിക്ക് പകരം അധ്യാപകന്‍ പരീക്ഷ എഴുതിയ വിവരം അറിഞ്ഞിട്ടില്ലെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ഇത്തവണ നന്നായി പരീക്ഷ എഴുതിയിരുന്നുവെന്നും പരീക്ഷ ഫലം തടഞ്ഞു വെച്ചതില്‍ വിഷമം ഉണ്ടെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി.

Top