ഞാന്‍ സംഘിയല്ല, അനില്‍ അക്കരയുടെ ആരോപണത്തിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: താന്‍ സി.പി.എമ്മിലെത്തുന്നതിന് മുമ്പ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നുവെന്ന ആരോപണത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് രംഗത്ത്.

അനില്‍ അക്കര എം.എല്‍.എയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. ജീവിതത്തിലൊരിക്കലും എ.ബി.വി.പിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.രവീന്ദ്രനാഥ് കുട്ടിക്കാലത്ത് എറണാകുളം ചേരാനെലൂര്‍ ആര്‍.എസ്.എസ് ശാഖാ അംഗമായിരുന്നുവെന്നും വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തൃശൂര്‍ സെന്റ്‌തോമസ് കോളേജില്‍ എ.ബി.വി.പി.യുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയെന്നുമായിരുന്നു അനിലിന്റെ ആരോപണം. ഇതെല്ലാം ശരിയെങ്കില്‍ ഇനി എന്തെല്ലാം കാണാനിരിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചിരുന്നു.

ബി.ജെ.പി സ്ഥാപക നേതാവ് ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദി സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ആഘോഷിക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ വിവാദമായതിന്റെ പശ്ചാത്തലത്തിലായിരുന്നു അനിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Top