കാസര്‍കോട്: അടുത്തവര്‍ഷം മുതല്‍ എയ്ഡഡ് കോളേജുകളില്‍ സ്വാശ്രയ കോഴ്‌സുകള്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്. എയ്ഡഡ് രംഗത്ത് സ്വാശ്രയ കോഴ്‌സുകള്‍ നടത്തുന്നത് പൊതുവിദ്യാഭ്യാസത്തില്‍ വെള്ളം ചേര്‍ക്കലാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളില്‍ 40,000 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. താങ്ങാനാവാത്ത ഫീസാണ് ഇതിനുകാരണം. കേരളത്തിന് വേണ്ടത് പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തലാണ്. എയ്ഡഡ് കോളേജുകളില്‍ ഇനി എയ്ഡഡ് കോഴ്‌സുകള്‍ മാത്രമേ ഉണ്ടാവൂ.
കേരളത്തില്‍നിന്ന് അന്താരാഷ്ട്ര ജേര്‍ണല്‍ പുറത്തിറക്കാന്‍ ആലോചിക്കുന്നതായി വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇതിനുള്ള പ്രാഥമിക ചര്‍ച്ച തുടങ്ങി. ഓണ്‍ലൈന്‍ ജേര്‍ണല്‍ വേണോ അതോ പുസ്തകരൂപത്തില്‍ വേണോ എന്ന കാര്യത്തില്‍ തീരുമാനമാവേണ്ടതുണ്ട്.
പാര്‍ശ്വവത്കരണമില്ലാത്ത ജനതയെ സൃഷ്ടിക്കലാണ് വികസനം. അത് സാധ്യമാവണമെങ്കില്‍ മികച്ച വിദ്യാഭ്യാസം നല്‍കാനാവണം. അതിന് പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തണം. വിദ്യാഭ്യാസവും കൃഷിയും ഒരുതലമുറയ്ക്ക് വേണ്ടിയാണ്.
ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ അതിനെ ചവിട്ടിമെതിക്കരുത്. പൊതുവിദ്യാഭ്യാസം ശക്തിപ്പെടേണ്ടത് വിദ്യാഭ്യാസമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ ആവശ്യമല്ല. അത് ജനങ്ങളുടെ പൊതുവായ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം 2000 കോടി രൂപയാണ് വിദ്യാഭ്യാസമേഖലയ്ക്കായി നീക്കിവെച്ചിട്ടുള്ളത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്ര ചെറിയ സംസ്ഥാനം നീക്കിവെക്കുന്ന ഏറ്റവും വലിയ തുകയാണിതെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.