പൗരത്വ നിയമ ഭേദഗതിയില്‍ നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഭേദഗതി ചെയ്ത നിയമം നടപ്പാക്കില്ലന്ന് പറയുന്ന സര്‍ക്കാറുകളെ വരുതിയിലാക്കാനാണ് നീക്കം.
എന്‍.ഡി.എ ഘടകകക്ഷികള്‍ ഭരിക്കുന്ന ബീഹാര്‍ ഉള്‍പ്പെടെ തിരക്കിട്ട അനുനയ നീക്കങ്ങളാണിപ്പോള്‍ നടക്കുന്നത്. സുപ്രീംകോടതിയില്‍ നിന്നു കൂടി അനുകൂല നിലപാടുണ്ടായാല്‍ ഇവരെല്ലാം പിന്നോട്ട് പോകുമെന്നാണ് കേന്ദ്രം കരുതുന്നത്.
രാജ്യത്ത് ആദ്യമായി പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നത് യോഗിയുടെ യു.പിയിലാണ്. കനത്ത പ്രതിഷേധം വകവെയ്ക്കാതെയാണ് നടപടി.
പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് കുടിയേറി പൗരത്വമില്ലാതെ കഴിയുന്നവരെ കണ്ടെത്താന്‍ 75 ജില്ലാ മജിസ്‌ട്രേറ്റുമാരോടും നിര്‍ദേശിച്ചതായി അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് അവസ്തിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
പുതിയ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് ഇവര്‍ക്ക് പൗരത്വം നല്‍കാനാണ് നീക്കം. സംസ്ഥാനത്ത് അനധികൃതമായി കഴിയുന്ന മുസ്ലിം കുടിയേറ്റക്കാരെ സ്വന്തം രാജ്യങ്ങളിലേക്കാണ് തിരിച്ചയക്കുക. എന്നാല്‍, തിരിച്ചയക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും ആദ്യം തന്നെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കണമെന്നാണ് ആര്‍.എസ്.എസും നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനു ശേഷമായിരിക്കും മറ്റു സംസ്ഥാനങ്ങളില്‍ കേന്ദ്രം ഇടപെടല്‍ നടത്തുക.
കേരള മോഡലില്‍ മറ്റൊരു നിയമസഭയും പ്രമേയം പാസാക്കാത്തത് കേന്ദ്രത്തിന് ആശ്വാസമായിട്ടുണ്ട്. കോണ്‍ഗ്രസ്സാകട്ടെ പ്രക്ഷോഭത്തില്‍ നിന്നും ഇപ്പോള്‍ ഉള്‍വലിഞ്ഞ അവസ്ഥയിലുമാണ്.
ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍ മാത്രമാണ് നിര്‍ത്തിവച്ചിരിക്കുന്നത്. അതു കൊണ്ട് തന്നെ ഈ രണ്ട് സംസ്ഥാനങ്ങളെ മാത്രമാണ് കേന്ദ്രമിപ്പോള്‍ ടാര്‍ഗറ്റ് ചെയ്യുന്നത്. ഇതില്‍ കേരള സര്‍ക്കാറിനോടാണ് കേന്ദ്രത്തിന്റെ പക മുഴുവന്‍.
നിയമസഭ ചേര്‍ന്ന് പ്രമേയം പാസാക്കിയതാണ് ഇതിനു കാരണം. ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായ സംഭവമായിരുന്നു അത്.
ഇന്ത്യന്‍ യൂണിയന്‍ പാസാക്കിയ ഒരു നിയമം നടപ്പാക്കില്ലന്ന് പറയാന്‍ സംസ്ഥാനത്തിന് കഴിയില്ലന്നാണ് കേന്ദ്രം പറയുന്നത്.
സംസ്ഥാനങ്ങള്‍ക്ക്‌മേല്‍ കേന്ദ്രത്തിന് അധികാരങ്ങള്‍ നല്‍കുന്നത് ഭരണഘടനയിലെ 257, 258, 355, 356 അനുച്ഛേദങ്ങളാണ്. ഇതനുസരിച്ച് പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും, നിര്‍ദേശത്തിന് സംസ്ഥാനങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍ മുന്നറിയിപ്പ് നല്‍കാനും കേന്ദ്രത്തിന് അധികാരമുണ്ട്.
മാത്രമല്ല, മുന്നറിയിപ്പ് ലഭിച്ച ശേഷവും സംസ്ഥാനങ്ങള്‍ നിയമം നടപ്പിലാക്കാന്‍ തയാറായില്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനും ഈ ആര്‍ട്ടിക്കിളുകള്‍ പ്രകാരം കേന്ദ്രത്തിന് സാധിക്കും. ഈ സാധ്യത ഉപയോഗപ്പെടുത്തി കേരള, ബംഗാള്‍ സര്‍ക്കാരുകളെ പിരിച്ച് വിടാണമെന്നതാണ് ബിജെപി ആഗ്രഹിക്കുന്നത്.
നിയമം ഭരണഘടനയ്ക്ക് എതിരാണെന്ന വാദം ഉന്നയിച്ചുകൊണ്ട് നിയമം നടപ്പില്‍ വരുത്താതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ലന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ ചെയ്താല്‍ അത് ഭരണഘടനയ്ക്ക് എതിരായ നടപടിയായാണ് കണക്കാക്കപ്പെടുകയെന്നാണ് ബിജെപി നേതൃത്വം ചൂണ്ടികാട്ടുന്നത്.
ഈ സാഹചര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കുക എന്ന ഉപായം മാത്രമാണ് കേരളം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്ക് മുന്‍പില്‍ നിലനില്‍ക്കുന്നത്. ഭരണഘടനാ അനുച്ഛേദം 131 പ്രകാരം കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും തമ്മിലുള്ള കേസുകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാനുള്ള അധികാരം സുപ്രീംകോടതിക്ക് മാത്രമാണുള്ളത്.
എന്നാല്‍ സി.എ.എയുടെ ഭരണഘടനാ സാധുതയെ സംബന്ധിച്ചുള്ള പൊതു താത്പര്യഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കേസുകളില്‍ തീര്‍പ്പാകുന്നത് വരെ കേന്ദ്ര സര്‍ക്കാരിന് നിയമങ്ങള്‍ നടപ്പില്‍ വരുത്താന്‍ കഴിയുകയില്ല. ഇപ്പോള്‍ യുപി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ പോലും സുപ്രീം കോടതി ഉത്തരവിന് വിധേയമായിട്ടായിരിക്കും.
അതേസമയം, സംസ്ഥാന സര്‍ക്കാരിനെ പിരിച്ച് വിട്ടാലും വേണ്ടില്ല പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന വാശിയിലാണ് സിപിഎം. പ്രക്ഷോഭവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് മറ്റു ഇടത് സംഘടനകളുടേയും തീരുമാനം. കോണ്‍ഗ്രസ് കളമൊഴിഞ്ഞ അവസ്ഥയില്‍ പ്രധാനമായും ഇടതുപക്ഷ പാര്‍ട്ടികളും വര്‍ഗ്ഗ ബഹുജന സംഘടനകളുമാണ് നിലവില്‍ പ്രക്ഷോഭരംഗത്തുള്ളത്.
കാമ്പസുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധമാണ് ബിജെപിക്കിപ്പോള്‍ പ്രധാന വെല്ലുവിളി.
ജെ.എന്‍.യു കാമ്പസില്‍ നടന്ന സംഘപരിവാര്‍ ആക്രമണത്തോടെ പ്രതിഷേധം വീണ്ടും രൂക്ഷമായിട്ടുണ്ട്. ഈ ആക്രമണം വേണ്ടായിരുന്നു എന്ന അഭിപ്രായം ബി.ജെ.പിയിലും ഉയര്‍ന്നു കഴിഞ്ഞു. വിപരീതഫലമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന അഭിപ്രായമാണ് നേതൃത്വത്തിനുള്ളത്. എസ്.എഫ്.ഐ നേതാവ് ഐഷേ ഘോഷ് ഉള്‍പ്പെടെയുള്ളവരാണ് ക്രൂരമായി ഇവിടെ ആക്രമിക്കപ്പെട്ടിരിക്കുന്നത്. രാജ്യ വ്യാപകമായാണ് ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.
ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയറിയിച്ച് അര്‍ദ്ധരാത്രി തന്നെ ജാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു. പൊലീസിനെയും കേന്ദ്ര സര്‍ക്കാറിനെയും ഞെട്ടിച്ച നീക്കമായിരുന്നു ഇത്. ഡല്‍ഹി പൊലീസ് ആസ്ഥാനം വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചതോടെയാണ് തുടര്‍നടപടികളും ഉണ്ടായിരിക്കുന്നത്.
അക്രമിസംഘത്തിലെ ചിലരെ ഡല്‍ഹി പൊലീസ് പിടികൂടിയിട്ടുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് അമിത് ഷായും ഉത്തരവിറക്കി. ഗൂഢാലോചനക്കാരെയും പിടികൂടണമെന്ന ആവശ്യമാണ് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ശക്തമായി ഉയര്‍ത്തിയിരിക്കുന്നത്.
Political Reporter