മാധ്യമങ്ങള്‍ക്കും വിലക്ക്; മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

മംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം നടക്കുന്ന മംഗളൂരുവില്‍ മലയാളികള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. വാര്‍ത്തകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന.

ഇന്നലെ മംഗലാപുരത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന
വെന്റ് ലോക്ക് ആശുപത്രിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്‍മാരും അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. മാധ്യമ സംഘത്തില്‍ നിന്ന് ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. പി.എസ് ഹര്‍ഷയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

പൊലീസ് എത്തി മാധ്യമപ്രവര്‍ത്തകരോട് ആശുപത്രി പരിസരത്തു നിന്ന് മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മാധ്യമ സംഘത്തെ കസ്റ്റഡിയില്‍ എടുത്തത്. കര്‍ഫ്യൂ മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണെന്ന് പോലീസ് പറഞ്ഞു. പോലീസ് വാഹനത്തിലാണ് ഇവരെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്.

ഇന്നലെ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തിനിടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറാനുള്ള സാധ്യത കണക്കിലെടുത്ത് മംഗളൂരുവില്‍ നേരത്തേ തന്നെ 48 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ടു പേരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച 10 മണിയോടെ പോസ്റ്റ്മോര്‍ട്ടം ചെയ്യും. മംഗളൂരുവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ നഗരം പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാവിലെ 10 മണിയോടെ എഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും.

മംഗളൂരുവില്‍ നിരോധനാജ്ഞ നിലനില്‍ക്കെ പ്രതിഷേധപ്രകടനം നടത്തിയ യുവാക്കള്‍ക്കുനേരെ പോലീസ് നടത്തിയ വെടിവെപ്പിലാണ് രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടത്. മംഗളൂരു ബന്ദറിലെ ജലീല്‍ ബന്ദക്, കുദ്രോളി സ്വദേശി നൗഷീന്‍ എന്നിവരാണ് മരിച്ചത്.

Top