ധന്‍ബാദ്: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കണമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ നിര്‍ദേശം നല്‍കി. പ്രതികരിക്കുന്നവരെ പേടിപ്പിച്ച് നിശബ്ദരാക്കാനുള്ളതല്ല നിയമങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.
കണ്ടാലറിയാവുന്ന ഏഴുപേര്‍ക്കെതിരെയും മറ്റ് 3000 ആളകള്‍ക്കെതിരെയുമാണ് ധന്‍ബാദ് നഗരത്തില്‍ പ്രതിഷേധിച്ചതിന് പൊലീസ് കുറ്റം ചുമത്തിയത്. ജനക്കൂട്ടത്തെ അനുമതി കൂടാതെ ഒരുമിച്ച് കൂട്ടി, സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരെ എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്ന കുറ്റം. മാത്രമല്ല, ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ മുദ്രാവാക്യങ്ങളും ചൊല്ലിക്കൊണ്ട്, ആസാദി വിളികളോടെയായിരുന്നു പ്രതിഷേധം നടന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പതിനൊന്ന് വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.
അതേസമയം പ്രതിഷേധിക്കുന്നവര്‍ ക്രമസമാധാനം പാലിക്കണമെന്നും ഹേമന്ദ് സോറന്‍ ആവശ്യപ്പെട്ടു. ആഭ്യന്തര സെക്രട്ടറി സുഖ്‌ദേവ് സിംഗ് സംസ്ഥാന പൊലീസ് മേധാവിയോട് വിവരം സംസാരിച്ചിട്ടുണ്ടെന്നും ഹേമന്ദ് സോറന്‍ വ്യക്തമാക്കി.