ഇന്നലെ പൗരത്വ പ്രശ്നം, ഇന്ന് കർഷകർ, നാളെ ഏത് സമരത്തിനും ഈ ഗതി ?

രാജ്യം ഏകാധിപത്യ ഭരണത്തിലേക്കാണ് നിലവില്‍ നീങ്ങികൊണ്ടിരിക്കുന്നത്. അതിന്റെ എല്ലാ സ്വഭാവവും നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ രംഗത്തിറങ്ങിയവര്‍ ഇപ്പോള്‍, കര്‍ഷക പ്രക്ഷോഭത്തെയാണ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. സമാധാനപരമായി ഡല്‍ഹി അതിര്‍ത്തിയില്‍ സമരം നടത്തുന്നവരോട് പോലും പിരിഞ്ഞ് പോകാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗാസിപൂരിലെ സമരവേദി ഒഴിയാനാണ് സംഘടനകള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജലപീരങ്കി ഉല്‍പ്പടെ എത്തിച്ച് വലിയ പൊലീസ് സന്നാഹവും ഈ മേഖലയില്‍ ഒരുക്കിയിട്ടുണ്ട്.

 

ഉത്തരവ് അംഗീകരിച്ചില്ലെങ്കില്‍ ബലപ്രയോഗത്തിലൂടെ നീക്കാനാണ് തീരുമാനം. ട്രാക്ടര്‍ പരേഡിന്റെ മറവില്‍ ഒരു വിഭാഗം നടത്തിയ അക്രമങ്ങളുടെ പാപഭാരം കര്‍ഷക നേതാക്കളുടെ മേല്‍ കെട്ടിവച്ച് അറസ്റ്റ് ചെയ്ത് തുറങ്കിലടക്കാനാണ് നീക്കങ്ങള്‍ നടക്കുന്നത്. അക്രമ പ്രവര്‍ത്തനങ്ങളെ പിന്തിരിപ്പിച്ച കര്‍ഷക നേതാക്കള്‍ക്ക് പോലും ഡല്‍ഹി പൊലീസ് നോട്ടീസ് നല്‍കി കഴിഞ്ഞിട്ടുണ്ട്. 50 ഓളം കര്‍ഷക നേതാക്കള്‍ക്കെതിരെ കേന്ദ്രം ഇതുവരെ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം കൂടി ഉള്‍പ്പെടുത്തി ഇനിയും കൂടുതല്‍ പേര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പുറത്തു വരുന്ന വിവരം. പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ നേരിട്ടതിന് സമാനമായ നീക്കമാണിത്.

ബി.ജെ.പി അനുകൂലിയായ ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കര്‍ഷകരാണ് റൂട്ട് മാറ്റി ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയിരുന്നത്. നിശ്ചയിച്ച റൂട്ട് മറികടന്ന് ഡല്‍ഹിയില്‍ കടക്കാന്‍ കര്‍ഷകരെ ആഹ്വാനം ചെയ്തതും ഈ സംഘമാണ്. രണ്ടു മാസത്തിലേറെയായി കൊടും തണുപ്പത്ത് സമരം ചെയ്യുന്ന കര്‍ഷകരുടെ മാനസികാവസ്ഥയെയാണ് ദീപ് സിദ്ധുവും സംഘവും ചൂഷണം ചെയ്തിരിക്കുന്നത്. പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകളുടെ കൂട്ടായ്മയില്‍ നിന്നും പുറത്താക്കപ്പെട്ട വിഭാഗമാണിത്.

സമരം പൊളിക്കാന്‍ ഇവരെ ബി.ജെ.പി ഉപയോഗപ്പെടുത്തുകയായിരുന്നു എന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിന് പിന്നാലെ, കര്‍ഷകര്‍ തന്നെ ദീപ് സിദ്ദുവിനെ ഓടിക്കുന്ന ദൃശ്യവും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഒരു വിഭാഗം കര്‍ഷകരെ റൂട്ട് മാറ്റി ഡല്‍ഹിയിലേക്ക് എത്തിച്ചതിന് പിന്നില്‍ ബി.ജെ.പി നേതൃത്വത്തിന് പങ്കുണ്ടെന്നാണ് കര്‍ഷക നേതാക്കള്‍ ആരോപിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ഡല്‍ഹിയുടെ പരിസരത്ത് പോലും പോകാത്ത നേതാക്കളെ പോലും പ്രതി ചേര്‍ത്തതും ഗൗരവമായാണ് കര്‍ഷക സംഘടനകള്‍ നോക്കി കാണുന്നത്. എന്തുതന്നെ വന്നാലും, ഇതിനെയെല്ലാം നേരിടാന്‍ തന്നെയാണ് സമരക്കാരുടെ തീരുമാനം. കര്‍ഷക നിയമം പിന്‍വലിക്കും വരെ പ്രക്ഷോഭം അവസാനിപ്പിക്കേണ്ടതില്ലെന്നത് തന്നെയാണ് കര്‍ഷകരുടെ നിലപാട്. അതേസമയം, കര്‍ഷക സംഘടനകളുമായി തല്‍ക്കാലം ചര്‍ച്ചയില്ലെന്നാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ ഇനി ചര്‍ച്ചക്കുള്ളൂ എന്നതാണ് പുതിയ തീരുമാനം.

 

നിയമം തല്‍ക്കാലം നടപ്പാക്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാനം അംഗീകരിച്ച ശേഷം മാത്രം കര്‍ഷകരുമായി ഇനി ചര്‍ച്ച മതിയെന്നതാണ് ബി.ജെ.പിയും നിര്‍ദ്ദേശിച്ചിരിക്കുന്നത്. കാവി രാഷ്ട്രീയത്തിന്റെ ‘ഹിഡന്‍ അജണ്ട’ പ്രകടമാക്കുന്ന തീരുമാനമാണിത്. കര്‍ഷക നിയമം പിന്‍വലിക്കേണ്ടി വന്നാല്‍ അത് തന്റെ കീഴടങ്ങലായി ചിത്രീകരിക്കപ്പെടുമെന്ന ബോധമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നയിക്കുന്നത്. ഇത് കര്‍ഷക വിരുദ്ധം മാത്രമല്ല, ജനവിരുദ്ധമായ നിലപാടു കൂടിയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ പ്രത്യേക വിഭാഗത്തിന്റെ പ്രക്ഷോഭമാക്കി ചിത്രീകരിച്ചത് പോലെ കര്‍ഷക സമരത്തെയും സാമുദായിക അടിസ്ഥാനത്തില്‍ ചിത്രീകരിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ചെങ്കോട്ടയില്‍ സിഖ് പതാക നാട്ടിയ സംഭവത്തെ, അതിനായാണ് സംഘ പരിവാര്‍ സംഘടനകളും ഉപയോഗപ്പെടുത്തുന്നത്.

ഇങ്ങനെ വികലമായി ചിന്തിക്കുന്നവരോട് ഒറ്റ കാര്യമേ പറയാനൊള്ളൂ, ‘ഭിന്നിപ്പിച്ച് ഭരിക്കുക എന്നത്’ മുന്‍പ് ബ്രിട്ടീഷുകാര്‍ രാജ്യത്ത് നടപ്പാക്കിയ നയമാണ്. ഒടുവില്‍ ജനകീയ പ്രക്ഷോഭത്തിന് മുന്നില്‍ അവര്‍ക്ക് പലായനം ചെയ്യേണ്ടി വന്നതും കേന്ദ്ര സര്‍ക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വം അവരുടെ കോളനിവാഴ്ച്ച നിലനിര്‍ത്തുന്നതിനായാണ് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം പ്രയോഗിച്ചിരുന്നത്. അതു പോലെ തന്നെ രാജ്യത്തെ, സംഘപരിവാര്‍ ഏകാധിപത്യത്തിലേക്ക് കൊണ്ടുവരാനാണ് മോദി ഭരണകൂടവും ഇപ്പോള്‍ ശ്രമിക്കുന്നത്. അപകടകരമായ നീക്കമാണിത്.

സ്വന്തം ജനതയെ അടിച്ചമര്‍ത്തി മുന്നോട്ട് പോകാന്‍ ശ്രമിച്ച ഭരണാധികാരികളെല്ലാം കാലത്തിന്റെ ചവറ്റു കൊട്ടയിലേക്കാണ് തൂത്തെറിയപ്പെട്ടിരിക്കുന്നത്. ആ ചരിത്രം മോദിയും അമിത് ഷായും എല്ലാം ഓര്‍ക്കുന്നത് നല്ലതാണ്. കര്‍ഷകര്‍ക്ക് വേണ്ടാത്ത കാര്‍ഷിക നിയമം നടപ്പാക്കണമെന്നത് കോര്‍പ്പറേറ്റ് താല്‍പ്പര്യമാണ്. അതിന് കുടപിടിക്കേണ്ട ബാധ്യത ഈ രാജ്യത്തെ പ്രബുദ്ധരായ ജനങ്ങള്‍ക്കില്ല. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കേന്ദ്ര സര്‍ക്കാര്‍ പുറത്തെടുക്കുന്ന തന്ത്രങ്ങള്‍ എല്ലായ്പ്പോയും വിലപ്പോവുകയില്ല. കാലം അതിന് തിരിച്ചടി നല്‍കുക തന്നെ ചെയ്യും.

 

Top