ഇന്ത്യന്‍ ഗവണ്‍മെന്റ് നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ഭരണഘടനയെയും, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെയും ലംഘനമാണെന്ന് യുഎസ് നിയമനിര്‍മ്മാതാക്കളോട് ആംനെസ്റ്റി ഇന്റര്‍നാഷണല്‍. മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം ശരിവെയ്ക്കുന്നതാണ് സിഎഎ എന്നും ആംനെസ്റ്റി ആരോപിച്ചു.
2019 ഡിസംബറില്‍ പാര്‍ലമെന്റ് പാസാക്കിയ പുതിയ പൗരത്വ നിയമത്തില്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ മതത്തിന്റെ പേരില്‍ വേട്ടയാടപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കാന്‍ ഫാസ്റ്റ്ട്രാക്ക് സംവിധാനം ഒരുക്കുകയാണ് ചെയ്തത്. യുഎസ് ഹൗസ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി മുന്‍പാകെയാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഏഷ്യ പസഫിക് അഡ്വക്കസി മാനേജര്‍ ഫ്രാന്‍സിസ്‌കോ ബെന്‍കോസ്മ് ഈ മൊഴി രേഖപ്പെടുത്തിയത്.
നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചാണ് സിഎഎ പാസാക്കിയതെന്ന് ഇന്ത്യ ആവര്‍ത്തിക്കുന്നുണ്ട്. ‘സിഎഎ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ഇത് ജനാധിപത്യപരമായ രീതിയില്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് നടപ്പാക്കിയത്’, സിഎഎയ്ക്ക് എതിരായ വിമര്‍ശനങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.
സിഎഎ ആരുടെയും പൗരത്വം എടുത്ത് കളയാനല്ല, പൗരത്വം നല്‍കാനുള്ള നിയമമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രസ്താവിച്ചിരുന്നു. ഏത് മതത്തില്‍ വിശ്വസിക്കുന്ന, ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നുമുള്ളവര്‍ ഇന്ത്യയെയും, ഇവിടുത്തെ ഭരണഘടനയെയും വിശ്വസിച്ചാല്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കാന്‍ സാധിക്കും, അതില്‍ യാതൊരു പ്രശ്‌നവുമില്ല, പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ആഗോള മത വേട്ടയാടല്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎസ് സബ്കമ്മിറ്റി ഹിയറിംഗ് സംഘടിപ്പിച്ചത്.