രാജ്യത്തെ മത, സാമൂഹിക ഐക്യത്തെ പൗരത്വ ബില്‍ ഇളക്കും: ശരത് പവാര്‍

രാജ്യത്തെ മത, സാമൂഹിക ഐക്യത്തെ പൗരത്വ ഭേദഗതി നിയമം ഇളക്കുമെന്ന് എന്‍സിപി മേധാവി ശരത് പവാര്‍. ‘ഇത് ന്യൂനപക്ഷങ്ങളെ മാത്രമല്ല, രാജ്യത്തെ ഐക്യത്തെയും, പുരോഗതിയെയും കുറിച്ച് ചിന്തിക്കുന്നവരെല്ലാം പൗരത്വ നിയമവും, ദേശീയ പൗരത്വ രജിസ്റ്ററും എതിര്‍ക്കുകയാണ്. സിഎഎ, എന്‍ആര്‍സി എന്നിവ രാജ്യം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ്’, പവാര്‍ അഭിപ്രായപ്പെട്ടു.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് മാത്രമുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിനെ ശരത് പവാര്‍ ചോദ്യം ചെയ്തു. ശ്രീലങ്കന്‍ തമിഴരെ ഉള്‍പ്പെടുത്താത്തതിന്റെ കാരണവും അദ്ദേഹം ആരാഞ്ഞു. ‘പ്രതിഷേധങ്ങള്‍ ഏതാനും സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ബിജെപിയുടെ പ്രതീക്ഷ മറികടന്ന് ചില സംസ്ഥാനങ്ങള്‍ പുതിയ നിയമത്തെ വരവേറ്റപ്പോള്‍, അവര്‍ ഭരിക്കുന്ന ആസാമില്‍ ഉള്‍പ്പെടെ എതിര്‍പ്പ് നേരിട്ടു’, പവാര്‍ ചൂണ്ടിക്കാണിച്ചു.

പൗരത്വ ഭേദഗതി നിയമത്തെ ഭരണഘടനാ വിരുദ്ധമെന്നും, വിവേചനപരമെന്നും വിശേഷിപ്പിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളില്‍ ഒന്നാണ് എന്‍സിപി. ദേശീയ തലത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ നിരവധി ആക്ടിവിസ്റ്റുകളും, വിദ്യാര്‍ത്ഥികളും, മറ്റുള്ള ജനവിഭാഗങ്ങളും രംഗത്തിറങ്ങി. അതേസമയം ബിജെപി സര്‍ക്കാരിന് എതിരെയുള്ള പ്രതിഷേധം പലയിടത്തും അക്രമാസക്തമായി.

മൂന്ന് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമായി പൗരത്വം ഒതുക്കിയതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചത്. അനധികൃത മുസ്ലീം കുടിയേറ്റക്കാര്‍ ബില്ലില്‍ ഉള്‍പ്പെടുന്നില്ല.

Top