പൗരത്വ ഭേദഗതി ബില്ലിനെതിരെ ഘോരഘോരം പ്രസംഗിക്കുന്ന വ്യക്തിത്വങ്ങളില്‍ മുന്നിലുള്ളത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ്. പശ്ചിമ ബംഗാളില്‍ സിഎബി നടപ്പാക്കി രാജ്യത്ത് നിന്ന് ഒരാളെയും നാടുകടത്താന്‍ അനുവദിക്കില്ലെന്നാണ് മമതയുടെ പ്രഖ്യാപനം. എന്നാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ പേരില്‍ ബംഗാള്‍ ഭരിച്ച ഇടത് സര്‍ക്കാരിനെ കുത്തിനോവിച്ച മമതാ ബാനര്‍ജി യഥാര്‍ത്ഥത്തില്‍ ഇവിടെ സ്വന്തം നിലപാടാണ് മറച്ചുപിടിക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഇടത് സര്‍ക്കാര്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തിനെതിരെ കണ്ണടച്ചതിനെയാണ് മമത ആയുധമാക്കിയിരുന്നത്.
ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ പശ്ചിമ ബംഗാളില്‍ വോട്ടര്‍ പട്ടികയില്‍ പോലും കയറിക്കൂടിയെന്ന് പ്രതിപക്ഷത്തായിരുന്ന മമതാ ബാനര്‍ജി സഭയെ അറിയിച്ചിരുന്നു. അതിനാല്‍ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് 2005ല്‍ പാര്‍ലമെന്റില്‍ അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്തരിച്ച സോമനാഥ് ചാറ്റര്‍ജി വിഷയം ചര്‍ച്ചയ്ക്ക് എടുത്തില്ല. വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്താനായി ലോക്‌സഭാ അംഗത്വം രാജിവെച്ച തീപ്പൊരിയോടെ 2011ല്‍ ഇടത് സര്‍ക്കാരിനെ തൃണമുല്‍ ബംഗാളില്‍ വീഴ്ത്തി.
അനധികൃത കുടിയേറ്റക്കാരുടെ വോട്ട് ബാങ്ക് രാഷ്ട്രീയം ആസാമിലും രാഷ്ട്രീയ കക്ഷികള്‍ വളക്കൂറാക്കി മാറ്റി. 1983ലാണ് ഓള്‍ ആസാം സ്റ്റുഡന്റ്‌സ് യൂണിയന്‍ സംസ്ഥാനത്തെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ രംഗത്ത് വരുന്നത്. 1985ല്‍ കേന്ദ്രഭരണത്തിലുണ്ടായിരുന്ന രാജീവ് ഗാന്ധി അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനുള്ള ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാമെന്ന് ഉറപ്പ് നല്‍കി പ്രശ്‌നം അവസാനിപ്പിച്ചു. ആസാമിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കിയ തെരഞ്ഞെടുപ്പില്‍ എഎഎസ്‌യു എജിപി എന്ന പേരില്‍ തെരഞ്ഞെടുപ്പിനിറങ്ങി പ്രഫുല്ല കുമാര്‍ മഹന്തയെ മുഖ്യമന്ത്രി പദത്തില്‍ എത്തിച്ചു.
പക്ഷെ അതോടെ വാഗ്ദാനങ്ങള്‍ മറന്നു. ഈ ആശയമാണ് ബിജെപി ഇപ്പോള്‍ പൊക്കിയെടുത്തത്. തങ്ങളുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത ബില്‍ നടപ്പാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇടത് സര്‍ക്കാരിനെ വീഴ്ത്താന്‍ മമതാ ബാനര്‍ജി പ്രയോഗിച്ച അതേ തന്ത്രമാണ് ബിജെപി തിരികെ പയറ്റുന്നത്. ഇതുതന്നെയാണ് മമതയെ ചൊടിപ്പിക്കുന്നതും.