വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിട്ടില്ല, 10 പ്രദേശവാസികള്‍ മാത്രം അറസ്റ്റില്‍; പൊലീസ്

ഞായറാഴ്ച ജാമിയ നഗര്‍ പ്രദേശത്ത് ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ക്രിമിനല്‍ പശ്ചാത്തലമുള്ള പത്തുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിനിടയിലേക്ക് എത്തിയ പ്രദേശവാസികളാണ് അറസ്റ്റിലായത് എന്നാണ് സൂചന.

അതേസമയം ജാമിയയിലെ വിദ്യാര്‍ഥികള്‍ ആരും അറസ്റ്റിലായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 15ന് വൈകുന്നേരം ജാമിയ മിലിയ വിദ്യാര്‍ഥികളും അധ്യാപകരും പാര്‍ലമെന്റിലേയ്ക്ക് നടത്തിയ മാര്‍ച്ചിലാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.

സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും എന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ സമാധാനപരമായി മുന്നോട്ട് പോയിരുന്ന പ്രതിഷേധത്തിലേക്ക് പ്രദേശവാസികള്‍ കടക്കുകയും പൊലീസിന് നേരെ അക്രമം അഴിച്ചു വിടുകയുമായിരുന്നു എന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ നേരത്തെ ആരോപിച്ചിരുന്നു. അക്രമത്തിനിടെ ചിലര്‍ ബസുകള്‍ക്കുമേല്‍ ഇന്ധനം ഒഴിക്കുന്നതിന്റെയും തീവെക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്.

Top